ലോകമെമ്പാടും ഏറെ പ്രശസ്തമായ ടോബ്ലെറോൺ ചോക്ലേറ്റിന്റെ തനതു രൂപം അനുകരിച്ചുവെന്നാരോപിച്ച് ബ്രിട്ടീഷ് വീഗൻ ചോക്ലേറ്റ് ബ്രാൻഡിനെതിരെ നിയമനടപിയുമായി കമ്പനി ഉടമകൾ. വീഗൻ ചോക്ലേറ്റ് നിർമാതാക്കളായ കാതറിൻസ് ഒറിജിനൽസിന്റെ (Catherine’s Originals) ‘ഓ-ബാർ’ ചോക്ലേറ്റിന്റെ രൂപം തങ്ങളുടെ ട്രേഡ്മാർക്ക് ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടോബ്ലെറോണിന്റെ മാതൃകമ്പനിയായ മോണ്ടെലെസ് ഇന്റർനാഷണൽ ലണ്ടൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ടോബ്ലെറോണിന്റെ ത്രികോണാകൃതിയിലുള്ള പ്രത്യേക രൂപത്തിന് സമാനമാണ് ‘ഓ-ബാർ’ ചോക്ലേറ്റിന്റെ കഷ്ണങ്ങളെന്നുമാണ് മോണ്ടെലെസ് ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ കാതറിൻസ് ഒറിജിനൽസ് സ്ഥാപകയായ കാതറിൻ ഡോഡ് നിഷേധിച്ചു. ‘ഒറിജിനൽസ്’ എന്ന വാക്കിനെ സൂചിപ്പിക്കുന്ന ‘O’ എന്ന ഇംഗ്ലീഷ് അക്ഷരത്തിൽ നിന്നാണ് ചോക്ലേറ്റിന്റെ ഈ രൂപം രൂപകൽപ്പന ചെയ്തതെന്നും അവർ വ്യക്തമാക്കി.
2021ൽ കൗമാരപ്രായത്തിൽ കാതറിൻ ഡോഡ് ആരംഭിച്ചതാണ് ഈ സംരംഭം. വലിയൊരു കോർപ്പറേറ്റ് കമ്പനിയോട് നിയമപരമായി ഏറ്റുമുട്ടേണ്ടി വരുന്നത് ചെറിയൊരു ബിസിനസിനെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന കാര്യമാണെങ്കിലും, തങ്ങൾ ഇതുവരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത വ്യക്തിത്വം സംരക്ഷിക്കാൻ നിയമപരമായി പോരാടുമെന്ന് അവർ പ്രതികരിച്ചു.
മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിട്ടും സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് നിയമനടപടിയിലേക്ക് കടക്കേണ്ടി വന്നതെന്ന് മോണ്ടെലെസ് പ്രതികരിച്ചു. ടോബ്ലെറോണിന്റെ രൂപം ലോകമെമ്പാടും ഏറെ ശ്രദ്ധിക്കപ്പെട്ടതാണെന്നും, തങ്ങളുടെ ബ്രാൻഡിന്റെ പകർപ്പവകാശം സംരക്ഷിക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ വ്യക്തമാക്കി. മുൻപും സമാനമായ രീതിയിൽ ഡിസൈൻ മാറ്റത്തിന്റെ പേരിൽ മറ്റ് ബ്രാൻഡുകൾക്കെതിരെ ടോബ്ലെറോൺ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
