ന്യൂഡൽഹി: കുട്ടികൾക്കെതിരേ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത 18,000 ത്തോളം കേസുകൾ കേരളത്തിൽ കോടതികളുടെ പരിഗണനയിലിരിക്കുന്നതായി കണക്ക്.
കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ പോക്സോ കേസുകളുടെ നടത്തിപ്പ് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി മുന്പാകെ അധികൃതർ നൽകിയ കണക്കിലാണീ വിവരം.
കേരളത്തിനു പുറമേ യുപി, രാജസ്ഥാൻ, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും പൊലിസും വിശദാംശം സമിതിയെ ധരിപ്പിച്ചു. കേരളത്തിൽ 13,000 ത്തിനും 18,000 ഇടയിൽ കേസുകളാണ് കോടതിയിലുള്ളത്.
65,000 നും 75,000 നും ഇടയിൽ കേസുകൾ കോടതിയിലുള്ള യുപിയാണ് പട്ടികയിൽ ഒന്നാമത്. രാജസ്ഥാനിൽ 12,000 നും 16,000 നും ഇടയിലും തമിഴ്നാട്ടിൽ 8,000 നും 11,000 നും ഇടയിൽ കേസുകൾ കോടതിയിലുണ്ട്. രാജ്യത്തെ മൊത്തം 2.45 ലക്ഷം പോക്സോ കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്നാണ് പാർലമെന്ററി സമിതി ഉന്നതർ പറയുന്നത്.
