വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ ഇന്ത്യൻ പൗരത്വത്തെയും ദേശീയതയെയും കുറിച്ചുള്ള തെറ്റായ ധാരണകളെ ചോദ്യം ചെയ്ത് നാഗാലാൻഡ് മന്ത്രി തേംജെൻ ഇംന അലോംഗ് രംഗത്ത്. ഒരു കൊച്ചുകുട്ടി ദേശീയഗാനം ആലപിക്കുന്ന മനോഹരമായ വീഡിയോയാണ് മന്ത്രി എക്സ് വഴി പങ്കുവെച്ചത്.
“ഇതിലധികം തെളിവ് വേണോ ഭാരതീയനാണെന്ന് തെളിയിക്കാൻ?” എന്ന അർത്ഥം വരുന്ന ഹിന്ദി അടിക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ചൈനക്കാരെന്നോ നേപ്പാളികളെന്നോ തെറ്റിധരിക്കുന്നവർക്കുള്ള ചുട്ടമറുപടിയായാണ് ഈ കുറിപ്പ് വിലയിരുത്തപ്പെടുന്നത്.
ശാന്തവും ആത്മാർഥവുമായ ശബ്ദത്തിലാണ് കൊച്ചുകുട്ടി ‘ജന ഗണ മന’ ആലപിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ രീതിയിലുള്ള പ്രശംസയാണ് ഈ കുഞ്ഞിന്റെ ആലാപനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അരുണാചൽ പ്രദേശിൽ നിന്നുള്ള കാർഗ ടിങ്കിൾ ഗോംഗോ (Karga Tinkle Gongo) എന്ന പെൺകുട്ടി തനിക്കെതിരെയുണ്ടായ വംശീയ അധിക്ഷേപങ്ങൾക്കെതിരെ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. വടക്കുകിഴക്കൻ ജനങ്ങൾ നേരിടുന്ന ഇത്തരം അനുഭവങ്ങളിലേക്ക് ഈ വീഡിയോകളും വെളിച്ചം വീശുന്നു.
