തിരുവനന്തപുരം: ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ അന്വേഷണ സംസ്കാരവും വിദ്യാർഥികളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയും വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിടുന്ന സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ് ലോഞ്ച് ചെയ്തു.
ശാസ്ത്രബോധത്തിന് 300 കേന്ദ്രങ്ങൾ
കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയിലൂടെ ശാസ്ത്രബോധം, മാനവികത, അന്വേഷണാത്മക ചിന്ത എന്നിവ വിദ്യാർഥികളിൽ വളർത്തുകയാണ് ലക്ഷ്യം. ഇതിനായി 300 കേന്ദ്രങ്ങളിലൂടെ 15 ലക്ഷം യുവാക്കളിലേക്കും പൊതുസമൂഹത്തിലേക്കും ശാസ്ത്രബോധ പ്രചാരണം എത്തിക്കും.
വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സിദ്ധാർഥ് ആപ്പ്
റാഗിംഗ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്നതാണ് സിദ്ധാർഥ് സ്റ്റുഡന്റ് വെൽഫെയർ ആപ്പ്. വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും.
പരാതികൾക്ക് സമയബന്ധിത പരിഹാരം; കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം
തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുമായി രണ്ടു ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കമായി. എച്ച്.എം. ആക്ട്സ്, ഹോംസ് എന്നീ പദ്ധതികൾ പൊലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
പരാതികൾ സമയബന്ധിതമായി പരിഹരിച്ച് ജനങ്ങൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനും പൊലിസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.
ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികൾ കൃത്യമായി താഴെത്തലത്തിലുള്ള പൊലിസ് ഉദ്യോഗസ്ഥരിലേക്ക് എത്തിച്ച് നടപടിയെടുക്കുന്നതിനുള്ള സംവിധാനമാണ് എച്ച്.എം. ആക്ട്സ് (HM Acts). മന്ത്രിയുടെ നിർദേശങ്ങൾക്കനുസരിച്ച് പരാതികളിൽ നടപടി സ്വീകരിക്കുകയും അതിന്റെ വിവരങ്ങൾ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ലഭിക്കുന്ന നിവേദനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യാനും പരാതിയുടെ നിലവിലെ സ്ഥിതിയും സ്വീകരിച്ച നടപടികളും അറിയിക്കാനും ഇതിലൂടെ സാധിക്കും.
സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അടിയന്തര ശ്രദ്ധ ആവശ്യമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും തത്സമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഹോംസ് (HOMeS). ഇതിനായി പ്രത്യേക ഡാഷ്ബോർഡ് സജ്ജീകരിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമ്പോഴും അന്വേഷണത്തിൽ ഇടപെടാത്ത രീതിയിലാണ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി നിലനിർത്തും.
കേരള പൊലിസിന്റെ ഡിജിറ്റൽ വിഭാഗമായ ഐ-കോപ്സാണ് (iCoPS) രണ്ട് പദ്ധതികൾക്കുമുള്ള സോഫ്റ്റ്വേർ രൂപകൽപ്പന ചെയ്തത്. പദ്ധതികൾക്കായി അധിക സാമ്പത്തിക ചെലവുണ്ടായിട്ടില്ലെന്ന് പൊലിസ് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
