കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നല്കിയ അപ്പീലുകള്‍ കോടതി തള്ളി. എന്ത് അടിസ്ഥാനത്തിലാണ് പതിനേഴുകാരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചോദിച്ച കോടതി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോയെന്നും ചോദിച്ചു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകുയുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയൊരു കുറ്റം ഉണ്ടായിട്ടില്ല, പിന്നെ എങ്ങനെയാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവുക എന്ന് കോടതി ചോദിച്ചു.
ബിഎന്‍എസ് 105 ചുമത്തിയതിനെ കോടതി വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ കേസിന് മാത്രം എന്താണ് പ്രത്യേകത? ഒരു ദിവസം രണ്ടു തവണ ജുവനൈല്‍ ബോര്‍ഡിന് മുമ്പില്‍ കുട്ടിയെ ഹാജരാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കെതിരെ എന്ത് ഗുരുതര കുറ്റകൃത്യമാണുള്ളതെന്നും കോടതി ചോദിച്ചു.
ആരെങ്കിലും സമ്മര്‍ദം നല്‍കിയാലുടന്‍ മാറ്റങ്ങള്‍ വരുത്തുകയാണോയെന്നും കോടതി ചോദിച്ചു. ഗുരുതരമായ പിഴവുകളില്‍ പൊലിസ് മറുപടി നല്‍കണമെന്ന് കോടതി പറഞ്ഞു. അപ്പീലുകളില്‍ നല്‍കിയതില്‍ പിഴ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും പ്രോസിക്യൂഷനോട് കോടതി നിര്‍ദേശിച്ചു.
പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണത്തിനോട് പൂര്‍ണമായും സഹകരിക്കുന്ന ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു.
രണ്ടു ദിവസം ചോദ്യം ചെയ്തപ്പോഴും വീട്ടില്‍ പരിശോധന നടത്തിയപ്പോഴും ജഡ്ജി സഹകരിച്ചിട്ടുണ്ട്, പിന്നെ എന്തിനാണ് അറസ്റ്റ് എന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു ജുഡീഷല്‍ ഓഫീസര്‍ ആണെന്നും കോടതി ആവര്‍ത്തിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ജഡ്ജി അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
ജഡ്ജിക്ക് ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന് വാദിച്ചുവെങ്കിലും കോടതി തള്ളിക്കളഞ്ഞു. അടിയന്തര അറസ്റ്റിന്റെ സാഹചര്യം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, ആദ്യ ഘട്ടത്തില്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കുന്നതിനായാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. നിലവില്‍ ജഡ്ജിയുടെ പേരില്‍ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്.
ജഡ്ജിയും ഭാര്യയും അപകടം നടന്ന സ്ഥലത്തെത്തി തെളിവുകള്‍ നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതിയിലാണ് കേസ് എടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.
