ന്യൂഡൽഹി: കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. കേസിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീം കോടതി കേസ് ഹൈക്കോടതിക്ക് തിരിച്ചയച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് കേസിൽ ഉടൻ വാദം കേൾക്കാനും സുപ്രീംകോടതി നിർദേശം നൽകി. തീരുമാനം അവർക്ക് അനുകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താനും കോടതി നിർദേശിച്ചു. ഉത്തരവ് അനുകൂലമെങ്കിൽ സർവകലാശാല നടപടി വിദ്യാർഥികളുടെ താത്പര്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജഡ്ജിമാരായ പി.എം. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്കായി മുതിർന്ന അഭി ഭാഷകൻ പി.വി. ദിനേശ് ആണ് ഹാജരായത്. സസ്പെൻഷൻ വഴിയാണ് അറ്റൻഡസ് കുറഞ്ഞതെന്നും സർവകലാശാല മനപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്ന് സർവകലാശാലയും പറഞ്ഞു.
ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം.
പരീക്ഷ തുടങ്ങിയ സാഹചര്യത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്നലെ വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇത് അനുവദിച്ചിരുന്നില്ല.
നേരത്തേ, വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ സർവകലാശാലയോടു നിർദേശിക്കാൻ കോടതികൾക്കാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേയാണു 16 വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജിക്കാരായ പത്തു വിദ്യാർഥികളുടെ സെമസ്റ്റർ പരീക്ഷ ഇതിനകം ആരംഭിച്ച കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ഹർജി ഇന്നു പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം, തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് സർവകലാശാലാ രജിസ്ട്രാർ സുപ്രീംകോടതിയിൽ തടസഹർജി (കേവിയറ്റ്) ഫയൽ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 13ന് വൈസ് ചാൻസലർക്കെതിരേ എസ്എഫ്ഐ നടത്തിയ സമരത്തെത്തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.
