ബോണി എം ബാൻഡിന്റെ എക്കാലത്തെയും മികച്ച ഡിസ്കോ ഗാനമായ ‘റാസ്പുട്ടിൻ’ വേദിയിൽ അടിപൊളിയായി പാടി അവതരിപ്പിച്ച് ഗായിക ഉഷ ഉതുപ്പ്. 78-ാം വയസിലും തളരാത്ത ഊർജ്ജത്തോടെ ബെംഗളൂരുവിൽ നടത്തിയ സംഗീത നിശയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 18ന് ബെംഗളൂരുവിൽ നടന്ന ‘ഉഷ ഉതുപ്പ് ഡൈനാമിറ്റ് ഡിസ്കോ ക്ലബ്’ ഷോയ്ക്കിടെയാണ് ഈ വിസ്മയകരമായ പ്രകടനം നടന്നത്. പതിവുപോലെ തന്റെ തനതായ പരമ്പരാഗത കാഞ്ചീവരം സാരീ ലുക്കിലും വലിയ പൊട്ടിലും ആഭരണങ്ങളിലും വേദിയിലെത്തിയ ഉഷ ഉതുപ്പ്, വിഖ്യാത അന്താരാഷ്ട്ര ഗാനം അതിമനോഹരമായി പാടി ഫലിപ്പിച്ചു.
“എന്റെ ജീവിതത്തിൽ ഒരിക്കലും ഉഷ ഉതുപ്പ് ‘റാസ്പുട്ടിൻ’ പാടുന്നത് ഞാൻ കേൾക്കുമെന്ന് കരുതിയിരുന്നില്ല,” എന്നാണ് ഒരു ഉപയോക്താവ് എക്സിൽ കുറിച്ചത്. പരമ്പരാഗത ഇന്ത്യൻ വേഷത്തിൽ വിദേശ ഹിറ്റ് ഗാനങ്ങൾ വേദിയിൽ അനായാസം അവതരിപ്പിക്കുന്ന അവരുടെ ആർട്ടിസ്റ്റിക് ഐഡന്റിറ്റി നിരവധി പേർ പ്രശംസിച്ചു.
റാസ്പുട്ടിന് പുറമേ അഡേലിന്റെ ‘സ്കൈഫോൾ’ (Skyfall), ഗ്ലോറിയ ഗെയ്നറുടെ ‘ഐ വിൽ സർവൈവ്’ (I Will Survive) തുടങ്ങിയ ഗാനങ്ങളും അവർ വേദിയിൽ അവതരിപ്പിച്ചു. 80കളുടെ തുടക്കം മുതൽ പോപ്പ് സംഗീത ലോകത്ത് സജീവമായ ഉഷ ഉതുപ്പ് ഇന്നും തന്റെ ഊർജ്ജസ്വലമായ ആലാപനത്തിലൂടെ ആരാധകരെ കയ്യിലെടുക്കുന്നത് തുടരുകയാണ്.
