പിസയിൽ പൈനാപ്പിൾ ചേർക്കുന്നത് തന്റെ സംസ്കാരത്തോടുള്ള അപമാനമാണെന്ന് പറഞ്ഞ് അത് തയ്യാറാക്കാൻ വിസമ്മതിച്ച ഇറ്റാലിയൻ ഷെഫിന് ജോലി നഷ്ടമായി. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലെ ഒരു റെസ്റ്റോറന്റിലാണ് രസകരവും എന്നാൽ ഗൗരവമേറിയതുമായ ഈ സംഭവം നടന്നത്.
റെസ്റ്റോറന്റിലെ ഹെഡ് ഷെഫായിരുന്ന ഡേവിഡ് താംബുറെല്ല ആണ് പൈനാപ്പിൾ പിസ ഉണ്ടാക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ടത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് അദ്ദേഹം പൈനാപ്പിൾ പിസ ഉണ്ടാക്കാൻ തയ്യാറാകാതിരിക്കുന്നത്.
വിലകൂടിയ ഒരു സ്വകാര്യ ചടങ്ങിനായി എത്തിയ ഉപഭോക്താവാണ് 15,000 ഓസ്ട്രേലിയൻ ഡോളറിലധികം (ഏകദേശം 9 ലക്ഷം രൂപ) വിലവരുന്ന ബുക്കിംഗിനൊപ്പം ഹാമും പൈനാപ്പിളും ചേർത്ത പിസ ആവശ്യപ്പെട്ടത്. എന്നാൽ ഇത് തങ്ങളുടെ ഇറ്റാലിയൻ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും, പിസയിൽ പൈനാപ്പിൾ ഇടുന്നത് എത്രത്തോളം മോശമാണെന്ന് ഇറ്റലിക്കാർക്ക് അറിയാമെന്നും പറഞ്ഞ് ഷെഫ് ഇത് നിരസിക്കുകയായിരുന്നു.
തുടർന്ന് റെസ്റ്റോറന്റ് മാനേജ്മെന്റുമായുള്ള തർക്കത്തെ തുടർന്ന് മേയ് 20ന് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തന്റേത് അന്യായമായ പിരിച്ചുവിടലാണെന്ന് കാണിച്ച് ഡേവിഡ് ഓസ്ട്രേലിയൻ ഫെയർ വർക്ക് കമ്മീഷനെ സമീപിച്ചെങ്കിലും, നിശ്ചിത സമയപരിധി കഴിഞ്ഞാണ് അപേക്ഷ സമർപ്പിച്ചത് എന്ന കാരണത്താൽ ഹർജി തള്ളിപ്പോകുകയായിരുന്നു.
അതേസമയം, പിസയിൽ പൈനാപ്പിൾ വെക്കാത്തതിന്റെ പേരിൽ മാത്രമാണ് ഷെഫിനെ പുറത്താക്കിയതെന്ന് കരുതാനാകില്ലെന്നും, അദ്ദേഹത്തിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട മറ്റ് ചില പ്രശ്നങ്ങളും നിലവിലുണ്ടായിരുന്നുവെന്നും റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ എലിയറ്റ് ഇൻഗ്രാം വ്യക്തമാക്കി. നിലവിൽ ബ്രിസ്ബെയ്നിലെ മറ്റൊരു ഇറ്റാലിയൻ റെസ്റ്റോറന്റായ ‘ഡോൺ ജിനോയിൽ’ (Don Gino) ഹെഡ് ഷെഫായി ജോലി ചെയ്യുകയാണ് ഡേവിഡ് താംബുറെല്ല. പ്രത്യേകതയെന്നോണം, ആ റെസ്റ്റോറന്റിന്റെ മെനുവിലും പൈനാപ്പിൾ പിസ്സയില്ല!
