അമ്മയോടുള്ള സ്നേഹവും നഷ്ടബോധവും എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്ന ഹൃദയഭേദകമായ ഒരു വാർത്ത ബിഹാറിൽ നിന്ന്. മരണശേഷവും അമ്മയുടെ കബറിന് അരികിൽ തന്നെ അന്ത്യശ്രയനം കൊള്ളണം എന്ന ആഗ്രഹത്തോടെ, സ്വന്തം കല്ലറ മുൻകൂട്ടി കുഴിച്ചു വെച്ചിരിക്കുകയാണ് ബിഹാറിലെ ഒരു വ്യക്തി.
ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ബൽഹ ഗ്രാമത്തിൽ നിന്നുള്ള മൻസൂർ ഹസൻ ആണ് ഈ വിചിത്രവും എന്നാൽ അതീവ വികാരാധീനവുമായ തീരുമാനത്തിലൂടെ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
ബറൗലി ബ്ലോക്കിന് കീഴിലുള്ള ബൽഹ ഗ്രാമവാസിയായ മൻസൂർ ഹസൻ, അന്തരിച്ച മുബാറക് ഹുസൈന്റെയും ഷാ ഷഹർബാനോ ഹസ്നിയുടെയും മൂന്ന് മക്കളിൽ ഏറ്റവും ഇളയവനാണ്. കുട്ടിക്കാലം മുതൽ തന്നെ അമ്മയുമായി അത്രയധികം അടുപ്പത്തിലായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള പ്രധാന ശക്തി അമ്മയുടെ സാന്നിധ്യമായിരുന്നു.
എന്നാൽ 1999 ജൂണിൽ അമ്മയുടെ വിയോഗം മൻസൂർ ഹസനെ മാനസികമായി തകർത്തു കളഞ്ഞു. ആ നഷ്ടം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. അമ്മയോടുള്ള അടങ്ങാത്ത സ്നേഹം കാരണം അവരുടെ ഓർമകൾ നിലനിർത്താനായി അദ്ദേഹം അമ്മയുടെ കബറിടം വളരെ മനോഹരമായി നിർമിക്കുകയും, തന്റെ ദിവസത്തിന്റെ ഭൂരിഭാഗവും ആ കബറിടത്തിന് അരികിൽ ചെലവഴിക്കാൻ തുടങ്ങുകയും ചെയ്തു.
വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മയോടുള്ള ഈ സ്നേഹത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. അമ്മയുടെ കബറിടം വൃത്തിയാക്കലും പരിപാലിക്കലുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രധാന ദിനചര്യ. ഇതിന്റെ തുടർച്ചയായാണ് തന്റെ മരണശേഷവും അമ്മയ്ക്ക് തൊട്ടുകുറകെ തന്നെ അടക്കം ചെയ്യണമെന്ന ആഗ്രഹത്താൽ അദ്ദേഹം സ്വന്തമായി കല്ലറ പണിത് ഒരുക്കിയത്.
ഇതുമാത്രമല്ല, തന്റെ മരണശേഷം ധരിക്കാനായി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹുസൈനി പാരമ്പര്യവുമായി ബന്ധപ്പെട്ട പച്ച നിറത്തിലുള്ള കഫൻ തുണിയും അദ്ദേഹം മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഈ ലോകം വിട്ടുപിരിയുമ്പോഴും തന്നെ സ്നേഹിച്ച ആ അമ്മയുടെ സാന്നിധ്യത്തിൽ നിന്ന് ഒരിഞ്ച് പോലും അകന്നുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് മൻസൂർ ഹസൻ പറയുന്നത്.
