ബോളിവുഡ് താരം ജൂഹി ചൗളയെ അണിനിരത്തി ആപ്പിൾ പുറത്തിറക്കിയ പുതിയ ദീപാവലി പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഭിന്നവിധികൾ. രാജകീയമായ കൊട്ടാര പശ്ചാത്തലവും പരമ്പരാഗത വസ്ത്രധാരണവും ബോളിവുഡ് ഗാനവുമൊക്കെയായി ദൃശ്യഭംഗിയോടെയാണ് പരസ്യം ഒരുക്കിയിരിക്കുന്നതെങ്കിലും, ഇന്ത്യൻ സംസ്കാരത്തെ അതിശയോക്തിപരമായി ചിത്രീകരിച്ചു എന്ന വിമർശനവും ഉയരുന്നുണ്ട്.
‘സ്റ്റെപ്പ് ഇന്റു ദി ലൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദീപാവലി ക്യാമ്പയിനിൽ, 1994ൽ പുറത്തിറങ്ങിയ ‘ദി ജെന്റിൽമാൻ’ എന്ന ചിത്രത്തിലെ പ്രശസ്തമായ “രൂപ് സുഹാന ലഗ്താ ഹെ” എന്ന ഗാനത്തിനാണ് ജൂഹി ചൗള ചുവടുവെയ്ക്കുന്നത്. രാജസ്ഥാനിലെ 19-ാം നൂറ്റാണ്ടിലെ തിജാറ കോട്ടയുടെ പശ്ചാത്തലത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. അനു മാലിക് ഈണം പകർന്ന് എസ്.പി. ബാലസുബ്രഹ്മണ്യവും കെ.എസ്. ചിത്രയും ചേർന്ന് പാടിയ ഈ ഗാനത്തിന് നാടൻ ശൈലിയിലുള്ള പുതിയ രൂപമാണ് ആപ്പിൾ നൽകിയിരിക്കുന്നത്.
പരസ്യത്തിന്റെ ദൃശ്യഭംഗിയെ ഒരു വിഭാഗം ആളുകൾ പ്രശംസിക്കുമ്പോൾ, മറ്റൊരു വിഭാഗം ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ദീപാവലിയുടെ യഥാർത്ഥ ആഘോഷവും കുടുംബബന്ധങ്ങളും ചിത്രീകരിക്കുന്നതിന് പകരം, അനാവശ്യമായ ആഡംബരവും വിദേശികളുടെ കണ്ണിലൂടെയുള്ള ഒരു ഭാരതീയ ചിത്രീകരണവുമാണ് പരസ്യത്തിലുള്ളതെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. കനത്ത ആഭരണങ്ങളും ഈജിപ്ഷ്യൻ ശൈലിയിലുള്ള നൃത്തച്ചുവടുകളും ദീപാവലിയുടെ സ്വാഭാവികതയ്ക്ക് ചേർന്നതല്ലെന്നാണ് പ്രധാന വിമർശനം.
ആഗോള ബ്രാൻഡുകൾ ഇന്ത്യൻ ഉത്സവങ്ങളെയും സംസ്കാരത്തെയും പരസ്യങ്ങളിൽ ഉൾപ്പെടുത്തുമ്പോൾ പുലർത്തേണ്ട കൃത്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് ആപ്പിളിന്റെ ഈ പുതിയ പരസ്യം വീണ്ടും വഴിവെച്ചിരിക്കുകയാണ്.
