ചെന്നൈ: രാജ്യം ദീപാവലി ആഘോഷങ്ങളുടെ നിറവിൽ മുങ്ങിയപ്പോൾ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ അരങ്ങേറിയത് കൊടുംക്രൂരതകൾ. ദീപാവലി രാത്രിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒൻപത് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തിരുച്ചിറപ്പള്ളിയിൽ മൂന്ന് പേരും ശിവഗംഗയിൽ രണ്ടുപേരും ചെന്നൈയിൽ ഒരാളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പൊലീസ് ഉദ്യോഗസ്ഥനും പ്രായപൂർത്തിയാകാത്തവരുമുണ്ട്. ലഹരി സംഘങ്ങളുടെ അക്രമവും ഗുണ്ടാവിളയാട്ടവുമാണ് ആഘോഷരാവിനെ കൊലപാതകങ്ങളുടെ രാത്രിയാക്കി മാറ്റിയതെന്നാണ് ആരോപണം.
തേനിയിൽ നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിക്കുകയും ദീപാവലി റീൽസ് ചിത്രീകരിക്കുകയും ചെയ്ത സംഘത്തെ ചോദ്യം ചെയ്ത സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാറാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന സംഘം ഉദ്യോഗസ്ഥനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരുച്ചിറപ്പള്ളിയിൽ സമയപുരം ടോൾ പ്ലാസയ്ക്ക് സമീപം പുല്ലമ്പാടി കനാൽക്കരയിലൂടെ നടന്നുപോവുകയായിരുന്ന രാഹുൽ (17), വിശാൽ (17) എന്നിവരെ അജ്ഞാത സംഘം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ഇരുവരും കൗമാരക്കാരായിരുന്നു.
തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള പുരത്താക്കുടിയിലും പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു. റോഡിൽ പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ചെന്നൈയിലെ ഐടി ജീവനക്കാരനായ ക്രിസ്റ്റഫർ (20) കൊല്ലപ്പെട്ടു. ഇരുമ്പ് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിയായിരുന്നു കൊലപാതകം.
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി സംഘങ്ങളുടെ അക്രമവും ഗുണ്ടാ വിളയാട്ടവുമാണ് ദീപാവലി ദിനത്തിൽ ഇത്രയധികം കൊലപാതകങ്ങൾക്ക് വഴിവെച്ചതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. സംഭവങ്ങളിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
