റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിനുള്ളിൽ കയറിക്കൂടിയ മൂന്നടി നീളമുള്ള പെരുമ്പാമ്പിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. ബിഹാറിലെ ബങ്ക ജില്ലയിലെ ഒരു മാർക്കറ്റിലാണ് സംഭവം. വളം വ്യാപാരിയായ അവിനാശ് കപ്രിയുടെ സ്കൂട്ടറിലാണ് പാമ്പ് കയറിയത്.
മാർക്കറ്റിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് അടുത്തുള്ള ഒരു വീട്ടിൽ നിന്നെത്തിയ പെരുമ്പാമ്പ് ഇഴഞ്ഞുകയറുകയായിരുന്നു. സ്കൂട്ടറിനുള്ളിൽ പാമ്പിനെ കണ്ടതോടെ പ്രദേശത്ത് പരിഭ്രാന്തി പരക്കുകയും നിരവധി ആളുകൾ തടിച്ചുകൂടുകയും ചെയ്തു. നാട്ടുകാർ വടികൊണ്ട് സ്കൂട്ടറിൽ തട്ടിയും ഉള്ളിലേക്ക് വെള്ളം ചീറ്റിച്ചും പാമ്പിനെ പുറത്തുചാടിക്കാൻ ശ്രമിച്ചെങ്കിലും അത് കൂടുതൽ ഉള്ളിലേക്ക് വലിയുകയായിരുന്നു.
ഏകദേശം അരമണിക്കൂറോളം നീണ്ട ശ്രമങ്ങൾ വിഫലമായതോടെ സ്കൂട്ടർ അടുത്തുള്ള ഒരു വർക്ക്ഷോപ്പിലേക്ക് മാറ്റി. തുടർന്ന് മെക്കാനിക്ക് സ്കൂട്ടറിന്റെ സീറ്റിനടിയിലെ പാനൽ അഴിച്ചുമാറ്റുകയും ഏറെ പ്രയാസപ്പെട്ട് പാമ്പിനെ പുറത്തെടുക്കുകയും ചെയ്തു. ഇതിനോടകം സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ സുരക്ഷിതമായി പെട്ടിയിലാക്കി പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു.
ശൈത്യകാലം അടുക്കുന്നതോടെ ചൂട് തേടി പാമ്പുകൾ വാഹനങ്ങൾക്കുള്ളിലും മറ്റും ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ, ഏറെ നേരം നിർത്തിയിടുന്ന വാഹനങ്ങൾ എടുക്കുന്നതിന് മുൻപ് കൃത്യമായി പരിശോധിക്കണമെന്ന മുന്നറിയിപ്പും ഈ സംഭവം നൽകുന്നു.
