പരസ്പരം കൈവിലങ്ങണിഞ്ഞ് 101 കിലോമീറ്റർ ഓടി ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കി സ്പാനിഷ് പോലീസ് ദമ്പതികൾ. ജെസീക്ക മുനോസ് പരേഡസ് (46), പങ്കാളി പെലായോ അൽവാരസ് റെവൽട്ട (40) എന്നിവരാണ് അസാധാരണമായ ഈ നേട്ടം കൈവരിച്ചത്. കൈവിലങ്ങണിഞ്ഞ് രണ്ട് പേരടങ്ങുന്ന സംഘം ഓടിയ ഏറ്റവും കൂടിയ ദൂരം എന്ന റിക്കാർഡാണ് ഇവർ സ്വന്തമാക്കിയത്.
മെയ് ഒമ്പതിന് സ്പാനിഷ് സൈന്യം സംഘടിപ്പിച്ച 101 കിലോമീറ്റർ ഓട്ടമത്സരത്തിലാണ് ഇരുവരും പങ്കെടുത്തത്. മത്സരത്തിലുടനീളം കൈവിലങ്ങുകൾ ബന്ധിച്ച നിലയിലായിരുന്നു ഇവരുടെ ഓട്ടം. പോലീസ് ഉദ്യോഗസ്ഥരായ ഇവർക്ക് ഔദ്യോഗിക ജീവിതത്തിൽ മറ്റുള്ളവരെ കൈവിലങ്ങണിയിച്ചാണ് പരിചയമെങ്കിലും, തങ്ങളുടെ കായികക്ഷമതയും പരസ്പര വിശ്വാസവും പരീക്ഷിക്കുന്നതിനായി സ്വയം കൈവിലങ്ങണിയാൻ തീരുമാനിക്കുകയായിരുന്നു. പെലായോ സ്പാനിഷ് സിവിൽ ഗാർഡിലും ജെസീക്ക പോലീസ് ഓഫീസറുമായാണ് സേവനമനുഷ്ഠിക്കുന്നത്.
ഒരുമിച്ച് പ്രവർത്തിച്ചാൽ ഏത് പരിമിതികളെയും മറികടക്കാൻ സാധിക്കുമെന്ന സന്ദേശം നൽകാനാണ് തങ്ങൾ ഈ ഉദ്യമത്തിന് മുതിർന്നതെന്ന് ജെസീക്ക പറഞ്ഞു. “തുടക്കത്തിൽ ഞങ്ങൾ രണ്ട് വ്യക്തികളായിരുന്നു; എന്നാൽ കിലോമീറ്ററുകൾ പിന്നിട്ടതോടെ ഒരേ ദിശയിലേക്ക് നീങ്ങുന്ന, പരസ്പരം മനസ്സിലാക്കുന്ന ഒരു ടീമായി ഞങ്ങൾ മാറി,” ജെസീക്ക വ്യക്തമാക്കി.
മലമ്പ്രദേശങ്ങളിലൂടെയുള്ള ദുർഘടമായ പാതയിലൂടെയായിരുന്നു ഓട്ടം. മതിയായ സുരക്ഷാ ക്രമീകരണങ്ങളും പിന്തുണയും ലഭിക്കുന്നതിനാലാണ് സൈന്യം സംഘടിപ്പിച്ച മത്സരം തന്നെ ഇവർ തിരഞ്ഞെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ കൈവിലങ്ങണിഞ്ഞ് ഓടുന്ന ഇവരെ കണ്ട് പലർക്കും കൗതുകവും ആശയക്കുഴപ്പവും തോന്നിയിരുന്നു. നിരവധി പേർ പാതിവഴിയിൽ മത്സരം ഉപേക്ഷിച്ചപ്പോഴും, കൃത്യമായ ഏകോപനത്തോടെയും മാനസിക കരുത്തോടെയും ഇവർ ലക്ഷ്യസ്ഥാനത്തെത്തി.
തങ്ങളുടെ മക്കളായ യെറേയ്ക്കും മിയയ്ക്കും കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ലക്ഷ്യങ്ങൾ നേടാൻ ഈ നേട്ടം പ്രചോദനമാകുമെന്നാണ് ദമ്പതികളുടെ പ്രതീക്ഷ. വഴിയരികിൽ നിന്ന് പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ടവരുടെ സാന്നിധ്യവും ഫിനിഷിംഗ് ലൈൻ കടന്ന നിമിഷവും ജീവിതത്തിലെ ഏറ്റവും വലിയ ഓർമകളാണെന്നും ഇവർ കൂട്ടിച്ചേർത്തു.
