ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ പട്രോളിങ്ങിനിടെ കാണാതായ രണ്ട് സ്പെഷ്യൽ പൊലിസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. റീഷിപാൽ (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും ദേഹമാസകലം വെടിയേറ്റ നിലയിലാണ്.
സംഭവത്തിന് പിന്നിൽ ഭീകരരാണെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ സംയുക്ത തെരച്ചിൽ ശക്തമാക്കി. സൈന്യം, പൊലിസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.കിഷ്ത്വാറിലെ മർവാർ മേഖലയിലുള്ള ദെഹാർന വനമേഖലയിൽ ബുധനാഴ്ച ഉച്ചയ്ക്ക് പട്രോളിങ്ങിന് പോയ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു ഇരുവരും.
കിയാർ ദച്ചനിൽനിന്ന് ഇന്ദർവാൻ മേഖലയിലെ ബസ്നാനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ കാണാതായത്. ബസ്നാനിൽ വിന്യസിച്ചിരുന്ന കരസേനയുടെ 17 രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിന് പകരം ചുമതലയേൽക്കാനായിരുന്നു ഇവരുടെ യാത്ര. അതേസമയം ബുധനാഴ്ച ഉച്ചയ്ക്ക് 3.30ഓടെ വനമേഖലയിൽ വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. ഇതിന് പിന്നാലെ മർവാർ മേഖലയിലെ എയർടെൽ മൊബൈൽ നെറ്റ്വർക്ക് സേവനങ്ങളും തടസപ്പെട്ടു.
തുടർന്ന് ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ വൈകുന്നേരം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള എസ്ഒജി സംഘം വനമേഖലയിലേക്ക് തിരിച്ചു. തുടർന്നുള്ള തെരച്ചിലിലാണ് വ്യാഴാഴ്ച ദച്ചൻ വനമേഖലയിൽനിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്.
കുൽഗാമിലെ ഭീകരാക്രമണം; പിന്നിൽ ലഷ്കർ ഇ ത്വയിബ, മൂന്ന് പേർ കസ്റ്റഡിയിൽ, ഒരു ജവാന്റെ നില ഗുരുതരം
ജമ്മു കാഷ്മീർ: കുൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വയിബയെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലായിട്ടുണ്ട്. മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികൾ സിആർപിഎഫ് ചെക്ക് പോയിന്റിൽ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
വയറ്റിൽ വെടിയേറ്റതിനെത്തുടർന്ന് ഒരു ജവാന്റെ നില ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സ നൽകാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറയിച്ചു.
കുൽഗാമിലെ മിർ മേഖലയിലാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് മേഖലയിൽനിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കാണാതായത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. സംഭവത്തിനു പിന്നിൽ നുഴഞ്ഞകയറിയ ഭീകരരാണെന്നാണ് സുരക്ഷാ ഏജൻസികൾ കരുതുന്നത്. മേഖലയിൽ സുരക്ഷ ശക്തമാക്കി.
