ഇൻസ്റ്റാഗ്രാം റീൽസിനായി നഗരത്തിൽ അപകടകരമായ ദീപാവലി സ്റ്റണ്ട് നടത്തിയ യുവാക്കൾ പോലീസ് പിടിയിൽ. ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിലിരുന്ന് റോക്കറ്റ് പടക്കങ്ങൾ റോഡിലേക്ക് തൊടുത്തുവിട്ട നാല് പേരെയാണ് നാഗ്പൂർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നാഗ്പൂരിലെ ഒരു പൊതു റോഡിലായിരുന്നു സംഭവം. രണ്ട് മോപെഡുകളിലായി സഞ്ചരിച്ച ഒരു സംഘം യുവാക്കൾ, വാഹനം ഓടിക്കൊണ്ടിരിക്കെ പടക്കം കൊളുത്തി റോഡിലേക്ക് വിക്ഷേപിക്കുകയായിരുന്നു. മറ്റുള്ള വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണി ഉയർത്തുന്നതായിരുന്നു ഈ സാഹസികത. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് സംഘം ഇൻസ്റ്റാഗ്രാമിൽ റീൽസായി അപ്ലോഡ് ചെയ്യുകയും ചെയ്തു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ട്രാഫിക് പോലീസ് സ്വമേധയാ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡിസിപി മിർക്കൽക്കറിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലും സാങ്കേതിക സഹായത്തിലുമാണ് ഇൻഡോറ ട്രാഫിക് സോണിൽ നിന്ന് വാഹനങ്ങളും പ്രതികളെയും പോലീസ് കണ്ടെത്തിയത്.
സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും വ്യൂസും നേടുന്നതിനായി യുവാക്കൾ ജീവൻ പണയംവെച്ച് നടത്തുന്ന ഇത്തരം അപകടകരമായ പ്രവൃത്തികൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
