കാലിഫോർണിയ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനികളിലൊന്നായ എൻവിഡിയ അവരുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെൻസൻ ഹുവാംഗിനെതിരെ സ്വതന്ത്ര അന്വേഷണം ആരംഭിച്ചതോടെ കടുത്ത ഭരണപ്രതിസന്ധി നേരിടുന്നു. ഗുരുതരമായ വിവാദങ്ങളിൽ അകപ്പെട്ടതിനെത്തുടർന്ന് ജെൻസെൻ ഹുവാങ് കമ്പനിയിൽ നിന്ന് പുറത്താക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ചൈനീസ് ചാരവൃത്തി ആരോപണവും സഹപ്രവർത്തകയുമായുള്ള രഹസ്യബന്ധവുമാണ് അദ്ദേഹത്തിന് വിനയായിരിക്കുന്നത്. ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ആരോപിച്ച വ്യവസായ പ്രമുഖയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ഹുവാംഗ് പരസ്യമായി സമ്മതിച്ചതിനെ തുടർന്നാണ് ഹുവാംഗിനെതിരെ സ്വതന്ത്ര അന്വേഷണം പുരോഗമിക്കുന്നത്.
റീൽ ലൈഫിൽ കണ്ടു പരിചയിച്ച ചാരക്കെണി റിയൽ ലൈഫിൽ
ജെയിംസ് ബോണ്ട് സിനിമകളിൽ നായകനെ വലയിലാക്കി രഹസ്യങ്ങൾ ചോർത്താനെത്തുന്ന ചൈനീസ്, റഷ്യൻ ചാരസുന്ദരിമാർ നിങ്ങൾക്ക് സുപരിചിതരായിരിക്കും. റീൽ ലൈഫിൽ മാത്രം കണ്ടു പരിചയിച്ച അത്തരം രംഗങ്ങൾ ഇന്ന് റിയൽ ലൈഫിലും കണ്ട് അതിശയപ്പെടുകയാണ് ലോകം. എഐ ലോകത്തെ കീഴ്പ്പെടുത്താനാകാത്തവർ (ഇൻവിൻസിബിൾസ്) എന്ന് ലോകം അടയാളപ്പെടുത്തിയ ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് കാലം കാത്തുവെച്ച ദുര്യോഗവും അതുതന്നെയായിരുന്നു.
ലോകത്തെമ്പാടുമുള്ള ടെക് വിപണിയെയും സാമ്പത്തിക മേഖലയെയും നയിക്കുന്ന എൻവിഡിയയുടെ മേധാവി തന്നെ ചൈനയുടെ ‘ഹണി ട്രാപ്പി’ൽ കുടുങ്ങിയെന്ന വാർത്ത ടെക് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ദീർഘകാലത്തെ ദാമ്പത്യജീവിതത്തിൽ തനിക്ക് വീഴ്ച സംഭവിച്ചതായി ജെൻസൻ ഹുവാംഗ് ജീവനക്കാർക്ക് അയച്ച കത്തിൽ തുറന്നു സമ്മതിച്ചു. മാപ്പ് ചോദിക്കുകയും ചെയ്തു. എങ്കിലും, എൻവിഡിയയുടെ അതീവ രഹസ്യ സ്വഭാവമുള്ള എഐ സാങ്കേതികവിദ്യകളും വ്യാപാര രഹസ്യങ്ങളും ചൈനയിലേക്ക് ചോർന്നിട്ടുണ്ടോ എന്ന ഭയം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെയും വിപണിയെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.
എൻവിഡിയയുടെ അശ്വമേധം
എഐ ലോകത്ത് എൻവിഡിയ നിർമിക്കുന്ന ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾ (ജിപിയു) ഇല്ലാതെ ഒരടി പോലും മുന്നോട്ടുവെയ്ക്കുകയെന്നത് ടെക് ഭീമന്മാർക്ക് സാധ്യമല്ല. ഈ രംഗത്ത് മത്സരിക്കുന്ന എല്ലാ ടെക് ഭീമന്മാർക്കും ഈ ഒരു കാരണം കൊണ്ടുതന്നെ എൻവിഡിയയും അതിന്റെ സിഇഒ ജെൻസൻ ഹുവാംഗും കൺകണ്ട ദൈവങ്ങളാണ്. പ്രീതിയാർജിക്കേണ്ടവർ തന്നെ. സാക്ഷാൽ ഇലോൺ മസ്കിന് പോലും ജെൻസൻ ഹുവാംഗിന്റെ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾക്കായി ഇരക്കേണ്ടി വന്നിട്ടുണ്ട്. ഇത്രയധികം പ്രാധാന്യമുള്ള സാങ്കേതികവിദ്യകൾ ഒരു ചൈനീസ് സുന്ദരി ഒരുക്കിയ കെണിയിൽ ജെൻസൻ ഹുവാംഗിന് കൈമോശം വന്നുവോ എന്നറിയാൻ ഇനിയും കാത്തിരിക്കണം. എൻവിഡിയയുടെ വിവരങ്ങളോ അമേരിക്കയുടെ ദേശീയ സുരക്ഷയോ അപകടത്തിലായിട്ടില്ലെന്നാണ് കമ്പനിയുടെ പ്രാഥമിക വിശദീകരണമെങ്കിലും, എഫ്ബിഐ കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അത്രമേൽ കരുത്തുറ്റതും വൻകിട ടെക് സാമ്രാജ്യങ്ങളെ നയിക്കുന്നതുമായ വ്യക്തികൾ പോലും വൈകാരികവും വ്യക്തിപരവുമായ ബലഹീനതകളിൽ വീണുപോകാമെന്നും, സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായി ചൈനയുടെ ഇത്തരം ചാരതന്ത്രങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നും ഈ സംഭവം വീണ്ടും തെളിയിക്കുന്നു……..
ആരാണ് ആ ചാരവനിത?
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലുകളും മാധ്യമ റിപ്പോർട്ടുകളും പ്രകാരം, ആലീസ് ഹുവാംഗ് (ഹുവാംഗ് ലെ എന്നും അറിയപ്പെടുന്നു) എന്ന ചൈനീസ് വംശജയാണ് ഈ സംഭവത്തിലെ പ്രധാന കണ്ണിയായി സംശയിക്കപ്പെടുന്നത്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജെൻസൻ ഹുവാംഗിനെ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ രഹസ്യാന്വേഷണ ഏജന്റാണ് ഇവരെന്നാണ് ആരോപണം. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘മെഗാസ്പീഡ്’ എന്ന ഡാറ്റാ സെന്റർ കമ്പനിയുടെ എക്സിക്യൂട്ടീവ് ആയിരുന്നു ഇവർ. മുൻപ് ചൈനീസ് ടെലിവിഷൻ മാധ്യമപ്രവർത്തകയായും പിന്നീട് ബാങ്കിംഗ് സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് ആലീസ്.
ഹണി ട്രാപ്പ്: പ്രണയത്തിന്റെ മറവിലെ ചാരക്കെണി
ആധുനിക രഹസ്യാന്വേഷണ ലോകത്ത് ഡിജിറ്റൽ ഹാക്കിംഗിനേക്കാൾ മാരകവും ആഴത്തിലുള്ളതുമായ തന്ത്രമാണ് ‘ഹണി ട്രാപ്പ്’ അഥവാ പ്രണയക്കുരുക്കുകൾ. വ്യക്തിപരമായ വിശ്വസ്തത, വൈകാരിക അടുപ്പം, അല്ലെങ്കിൽ അവിഹിത ബന്ധങ്ങൾ എന്നിവ മുതലെടുത്ത് ഒരു വ്യക്തിയുടെ സ്വകാര്യവും ആന്തരികവുമായ തലത്തിലേക്ക് തുളച്ചുകയറുകയും, രാജ്യത്തിന്റെയോ വൻകിട കോർപ്പറേറ്റുകളുടെയോ സുപ്രധാന രഹസ്യങ്ങൾ നേടിയെടുക്കുകയുമാണ് ഇത്തരത്തിലുള്ള ചാരക്കെണികളുടെ പ്രാഥമിക ലക്ഷ്യം. വെറുമൊരു വിവരച്ചോർച്ചയ്ക്കപ്പുറം, ലക്ഷ്യമിട്ട വ്യക്തിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും അതീവ സ്വാധീനമുള്ള വൻകിട ശൃംഖലകളിലേക്ക് വഴിതുറക്കാനും ഈ തന്ത്രം ഉപയോഗിക്കുന്നു.
ദീർഘകാല ആസൂത്രണവും ക്ഷമയുമാണ് ഈ ചാരതന്ത്രത്തിന്റെ മുഖമുദ്ര. നിമിഷനേരം കൊണ്ട് നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹണി ട്രാപ്പുകൾ മാസങ്ങളോ വർഷങ്ങളോ നീളുന്ന പ്ലാനിംഗിന്റെ ഫലമായാണ് നടക്കുക. ലക്ഷ്യമിട്ട വ്യക്തിയുമായി സൗഹൃദത്തിലാകാൻ ഇന്റലിജൻസ് ഏജന്റുകൾ വളരെ സ്വാഭാവികമായ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുന്നു.
പ്രൊഫഷണൽ മുഖംമൂടി
ഒരു ചാര ഏജന്റും തുടക്കത്തിൽ തന്നെ പ്രണയാഭ്യർത്ഥനയുമായി ലക്ഷ്യമാക്കുന്നയാളിനെ (ടാർജറ്റ്) സമീപിക്കാറില്ല. ബിസിനസ് പങ്കാളി, നിക്ഷേപക, ഗവേഷക അല്ലെങ്കിൽ കൺസൾട്ടന്റ് തുടങ്ങിയ ഔദ്യോഗിക പദവികളുടെ മറവിലാണ് ഇവർ കടന്നുവരുന്നത്. സെമിനാറുകളിലോ ബിസിനസ് മീറ്റിംഗുകളിലോ വെച്ച് യാദൃച്ഛികമെന്നു തോന്നിക്കുന്ന കൂടിക്കാഴ്ചകളിലൂടെ പ്രൊഫഷണൽ ബന്ധം സ്ഥാപിക്കുന്നു. പ്രൊഫഷണൽ ബന്ധത്തെ മെല്ലെ മെല്ലെ വ്യക്തിപരമായ അടുപ്പത്തിലേക്കും പ്രണയത്തിലേക്കും വഴിതിരിച്ചുവിടുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയവരായിരിക്കും ഇവർ.
വിവരച്ചോർച്ചയും ബ്ലാക്ക്മെയിലിംഗും
അതീവ അടുപ്പം സ്ഥാപിച്ചുകഴിഞ്ഞാൽ രണ്ട് രീതിയിലാണ് ഇവർ വിവരങ്ങൾ ചോർത്തുന്നത്. സംഭാഷണങ്ങൾക്കിടയിൽ സ്വാഭാവികമായി കടന്നുവരുന്ന ചോദ്യങ്ങളിലൂടെ ബിസിനസ് തന്ത്രങ്ങൾ, സാങ്കേതിക വിവരങ്ങൾ, വിതരണ ശൃംഖലയുടെ വിവരങ്ങൾ എന്നിവ ചോർത്തിയെടുക്കുന്ന തികച്ചും സ്വാഭാവികമായ രീതിയാണ് ആദ്യത്തേത്. രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളോ തെളിവുകളോ ഉപയോഗിച്ച് വ്യക്തിയെ ഭീഷണിപ്പെടുത്തുകയും, കയറ്റുമതി നിയന്ത്രണങ്ങൾ മറികടക്കാനോ നിർണായക ഫയലുകൾ നൽകാനോ നിർബന്ധിതനാക്കുകയും ചെയ്യുന്നതാണ് മറ്റൊരു രീതി.
പ്രധാന വ്യക്തിയിൽ നിന്ന് നേരിട്ട് വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ പോലും, ആ വ്യക്തിയുടെ സ്വകാര്യ വൃത്തത്തിലേക്ക് കടക്കുന്നതിലൂടെ ബോർഡ് അംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, പ്രമുഖ ഗവേഷകർ എന്നിവരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇവർക്ക് സാധിക്കുന്നു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആലീസ് ഹുവാംഗ് നേരിട്ട് ഒറ്റയ്ക്ക് ജെൻസൻ ഹുവാംഗിനെ പെട്ടെന്ന് സമീപിക്കുകയല്ല ചെയ്തത്. ആലീസിന്റെ ഭർത്താവായ കാംഗ് വെയ് എന്ന വ്യവസായിയിലൂടെയാണ് ഇവർ വർഷങ്ങൾക്ക് മുമ്പ് (2010-കളിലെ ചൈനീസ് വീഡിയോ ഗെയിംസ് ബിസിനസ് പശ്ചാത്തലത്തിൽ) ജെൻസൻ ഹുവാംഗിനെ ആദ്യമായി പരിചയപ്പെടുന്നത്.
പിന്നീട് ചൈനീസ് ഫിനാൻസ് രംഗത്തുനിന്നും ടെക്നോളജി മേഖലയിലേക്ക് ചുവടുമാറ്റിയ ആലീസ്, സിംഗപ്പൂർ കേന്ദ്രീകരിച്ചുള്ള ക്ലൗഡ്/ഡാറ്റാ സെന്റർ കമ്പനിയായ ‘മെഗാസ്പീഡ്’ന്റെ ഡയറക്ടറും പ്രമുഖ ഓഹരിയുടമയുമായി മാറി. ഈ പ്രൊഫഷണൽ പശ്ചാത്തലവും എൻവിഡിയ ചിപ്പുകളുടെ കച്ചവടവും അവരുമായി കൂടുതൽ അടുക്കാൻ വഴിയൊരുക്കി.
പ്രൊഫഷണൽ ബിസിനസ് ചർച്ചകളുടെയും ടെക്നോളജി ഒത്തുചേരലുകളുടെയും മറവിലാണ് ആലീസ് ജെൻസൻ ഹുവാംഗിന്റെ വ്യക്തിഗത വൃത്തത്തിലേക്ക് കടന്നുകയറിയത്. 2024 ജൂണിലും 2025 മെയ് മാസത്തിലും തായ്പേയ് നടന്ന പ്രധാന ടെക്നോളജി പ്രദർശനങ്ങളുടെയും വിരുന്നുകളുടെയും ഭാഗമായി ഇരുവരും പൊതുവേദികളിലും ഒത്തുചേരലുകളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. 2025 മെയ് മാസത്തിലെ ഒരു ചടങ്ങിനിടയിൽ ഇവർ പരസ്യമായി അടുത്തിടപഴകുന്നതിന്റെയും ഒരേ കാറിൽ മടങ്ങിപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ
യുഎസ് ഇന്റലിജൻസ് വിലയിരുത്തലുകൾ പ്രകാരം, ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജെൻസൻ ഹുവാംഗിനെ ലക്ഷ്യമിട്ട് ആലീസ് പ്രവർത്തിച്ചിരുന്നു എന്നാണ് ആരോപണം. എഐ ചിപ്പ് കയറ്റുമതിയിൽ അമേരിക്ക കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഈ കാലയളവിൽ, എൻവിഡിയയുടെ അതീവ രഹസ്യ വിവരങ്ങൾ ചോർത്തുക, ഒപ്പം ചൈനീസ് വിപണിയിലേക്ക് ചിപ്പുകൾ എത്തിക്കുന്നതിനായി ജെൻസൻ ഹുവാംഗിന്റെ നയപരമായ നിലപാടുകളെയും ലോബിയിംഗുകളെയും സ്വാധീനിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ഹുവാംഗ് – ട്രംപ് ബന്ധവും അമേരിക്കൻ എഐ മുന്നേറ്റവും
ഓപ്പൺ എഐ സിഇഒ സാം ആൾട്ടമാൻ, ക്ലോഡ് സിഇഒ ഡാരിയോ അമോഡെ തുടങ്ങിയ എഐ ഗവേഷണ രംഗത്തെ പ്രമുഖർ, ലോകത്തെ എഐ ഗവേഷണങ്ങളുടെ വേഗത കുറയ്ക്കണമെന്നും അല്ലാത്ത പക്ഷം വലിയ വിപത്തുകളെയാകും മനുഷ്യരാശി അഭിമുഖീകരിക്കേണ്ടി വരികയെന്നും മുന്നറിയിപ്പ് നൽകിയപ്പോഴും അതിനെയൊന്നും മുഖവിലയ്ക്കെടുക്കാൻ ട്രംപ് തയ്യാറായില്ല. അങ്ങനെ അബദ്ധത്തിൽ പോലും നിർമിത ബുദ്ധി ഗവേഷണങ്ങളുടെ രംഗത്ത് അമേരിക്കയെ മറികടന്ന് ചൈന മുന്നേറുന്നത് കാണാൻ ട്രംപ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നിർമിത ബുദ്ധി, കൃത്രിമ ബുദ്ധി എന്നിങ്ങനെയുള്ള വിശേഷണങ്ങളല്ല എഐക്ക് നൽകേണ്ടതെന്നും പകരം സൂപ്പർ ഇന്റലിജൻസ് എന്നാണ് ഇനി മുതൽ എഐയെ വിശേഷിപ്പിക്കേണ്ടത് എന്നുമായിരുന്നു ട്രംപ് സ്വീകരിച്ച നിലപാട്.
വാർത്ത പുറത്തുവന്ന ഉടൻ തന്നെ ട്രംപ് വൈറ്റ് ഹൗസ് വാർത്താസമ്മേളനത്തിൽ ഹുവാംഗിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. താൻ ഹുവാംഗുമായി സംസാരിച്ചുവെന്നും, കൂടെയുള്ള വ്യക്തി ചാരയാണെന്ന് അദ്ദേഹത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ട്രംപ് വ്യക്തമാക്കി. “അദ്ദേഹം ഒരു മാന്യനായ വ്യക്തിയാണ്, ഈ പ്രതിസന്ധി അതിജീവിക്കും” എന്ന് പറഞ്ഞുകൊണ്ട് വിപണിയിലെ പരിഭ്രാന്തി കുറയ്ക്കാനാണ് ട്രംപ് ശ്രമിച്ചത്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേസിൽ എഫ്ബിഐ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഹുവാംഗ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ഭാവി കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയാക്കാൻ താൻ താല്പര്യപ്പെടുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. സംഭാഷണം ഒരു നയതന്ത്ര തർക്കത്തിലേക്ക് പോകാതിരിക്കാൻ വിഷയത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
ജെൻസന്റെ തുറന്നുപറച്ചിൽ
തനിക്ക് കുടുംബത്തോട് വഞ്ചന കാട്ടേണ്ടി വന്നിട്ടുണ്ടെന്നും ഭാര്യയോട് വിശ്വസ്തത പുലർത്തിയില്ലെന്നും നവംബർ എട്ടിന് ജീവനക്കാർക്ക് അയച്ച കത്തിലൂടെ ജെൻസൻ ഹുവാംഗ് തുറന്നു സമ്മതിച്ചിട്ടുണ്ട്. എങ്കിലും കത്തിൽ അദ്ദേഹം ആലീസിന്റെ പേര് പരാമർശിച്ചിട്ടില്ല. എൻവിഡിയ ബോർഡ് ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആലീസ് ഹുവാംഗ് ചൈനീസ് ചാരയാണെന്നുള്ളത് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലാണെങ്കിലും, അത് പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ല. ചൈനീസ് വിദേശകാര്യ മന്ത്രാലയവും ‘മെഗാസ്പീഡ്’ കമ്പനിയും ഈ ചാര ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിട്ടുണ്ട്. ജെൻസൻ ഹുവാംഗിന് ഇത് ചാരവൃത്തിയാണെന്ന് മുൻകൂട്ടി അറിയാമായിരുന്നു എന്നതിനും തെളിവുകളില്ല.
നീളുമോ ഈ ചാര ചരിതം?
ആഗോള ടെക് വിപണിയെയും ഓഹരി മൂല്യത്തെയും ബാധിക്കാതിരിക്കാൻ ട്രംപ് ഭരണകൂടവും എൻവിഡിയയും പ്രതിരോധം തീർക്കുന്നുണ്ടെങ്കിലും, എഐ ലോകത്തെ ഈ പുതിയ തിരിച്ചടി സിലിക്കൺ വാലിയുടെ ഭാവി സുരക്ഷാ നയങ്ങളെ തന്നെ തിരുത്തിയെഴുതാൻ നിർബന്ധിതരാക്കും. വൻകിട ടെക് സാമ്രാജ്യങ്ങളുടെ സുരക്ഷ ഇനി കോഡുകളിലും ചിപ്പുകളിലും മാത്രമല്ല, മനുഷ്യബന്ധങ്ങളിലെ ജാഗ്രതയിൽ കൂടി അധിഷ്ഠിതമായിരിക്കുമെന്ന ഓർമ്മപ്പെടുത്തലോടെയാണ് ഈ ചാരവിവാദം നീളുന്നത്.
ആലീസ് ഹുവാംഗ് എവിടെ? മുങ്ങിയത് ചൈനയിലോ?
ലോകത്തിലെ പ്രമുഖ എഐ കമ്പനികളിലൊന്നായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാംഗും ചൈനീസ് ചാരവനിത ആലീസ് ഹുവാംഗും തമ്മിലുള്ള ബന്ധം പുറത്തുവന്നതിനുപിന്നാലെ അപ്രതീക്ഷിത ട്വിസ്റ്റുകളാണു സംഭവിക്കുന്നത്. വിവാദനായിക ആലീസ് ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കും അറിയില്ല. ആലീസിന്റെ അപ്രത്യക്ഷമാകൽ വൻ ദുരൂഹത ഉയർത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആലീസ് ചൈനയിൽ ഒളിവിൽ കഴിയുന്നതായി സൂചനകളുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിംഗപുർ കേന്ദ്രമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന ഡാറ്റാ സെന്റർ കമ്പനിയുടെ എക്സിക്യൂട്ടീവ് ആയിരുന്നു ആലീസ്. അത്യാധുനിക എൻവിഡിയ ചിപ്പുകൾ ചൈനയിലേക്കു കടത്താൻ ഇടനില നിന്നുവെന്നാണു അവർക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളിലൊന്ന്. 2024 ജൂണിൽ തായ്പേയിലെ ബാറിലും, 2025 മേയിൽ നടന്ന സാങ്കേതിക സമ്മേളനത്തിലും ജെൻസൻ ഹുവാംഗിനൊപ്പം ആലീസുണ്ടായിരുന്നു. തുടർന്നാണ് ഇരുവരുടെയും രഹസ്യബന്ധത്തെക്കുറിച്ച് യുഎസ് ഏജൻസികൾ അന്വേഷണം ശക്തമാക്കിയത്.
അതേസമയം, ഇതുവരെ ആലീസ് പ്രതികരണമൊന്നും നടത്താൻ തയാറായിട്ടില്ല. എൻവിഡിയ-യുടെ സ്വതന്ത്ര അന്വേഷണ സമിതിയോടും പ്രതികരിച്ചിട്ടില്ല. അവർ ഇപ്പോഴും മെഗാസ്പീഡിൽ തുടരുന്നുണ്ടോ എന്നതിലും വ്യക്തതയില്ല. വിവാദങ്ങൾ ഉയർന്നതോടെ ഇവർ ചൈനയിലേക്കു മടങ്ങിയിരിക്കാം എന്നാണു കരുതുന്നത്. അതേസമയം, ആലീസ് ഹുവാംഗ് രാജ്യത്തിനായി ചാരവൃത്തി നടത്തിയെന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.
ജെൻസൻ ഹുവാംഗ് സ്വന്തം തെറ്റു സമ്മതിക്കുകയും എൻവിഡിയ സ്വതന്ത്ര അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ, ആലീസ് ഹുവാംഗ് അപ്രത്യക്ഷമായത് അന്താരാഷ്ട്ര ചാരക്കേസിനെ കൂടുതൽ ദുരൂഹമാക്കുന്നു.
എൻവിഡിയയിൽ ഭരണപ്രതിസന്ധിയും പിൻഗാമി ചർച്ചകളും
കാലിഫോർണിയ: എൻവിഡിയ കമ്പനിക്കെതിരെയും ഹുവാംഗിനെതിരെയും യുഎസ് ഫെഡറൽ കോടതിയിൽ ഓഹരി ഉടമകൾ ക്ലാസ്-ആക്ഷൻ ഹർജി ഫയൽ ചെയ്തു. എൻവിഡിയയുടെ പത്തംഗ ഡയറക്ടർ ബോർഡ് ഹുവാംഗിന്റെ പങ്കാളിത്തമില്ലാതെ പുറത്തുനിന്നുള്ള സ്വതന്ത്ര നിയമോപദേശകരെ വെച്ചാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ 30 വർഷമായി കമ്പനിയെ നയിക്കുന്ന 63-കാരനായ ഹുവാംഗിന് ശേഷം എൻവിഡിയയെ നയിക്കാൻ വ്യക്തമായ ഒരു പിൻഗാമി നിലവിലില്ല. ഉയർന്ന ഉദ്യോഗസ്ഥർക്കിടയിൽ മത്സരവും ഭിന്നതയും ഒഴിവാക്കാൻ ഒരു പിൻഗാമിയെ പ്രഖ്യാപിക്കുന്നതിനെ ഹുവാംഗ് നേരത്തെ എതിർത്തിരുന്നു. ഹുവാംഗിന്റെ മകൻ സ്പെൻസർ (റോബോട്ടിക്സ് വിഭാഗം ഡയറക്ടർ), മകൾ മാഡിസൺ (പ്രൊഡക്ട് മാർക്കറ്റിംഗ് സീനിയർ ഡയറക്ടർ), മരുമകൻ നിക്കോ കാപ്രസ് എന്നിവർ എൻവിഡിയയിൽ പ്രധാന ചുമതലകൾ വഹിക്കുന്നുണ്ട്.
“കമ്പനി തന്നെയാണ് എന്നെ വളർത്തിയത്, അതിനാൽ എന്നെപ്പോലെ മറ്റൊരാൾ ഇനി ഉണ്ടാകില്ല” എന്നാണ് സ്വന്തം നേതൃത്വ ശൈലിയെക്കുറിച്ച് ഹുവാംഗ് മുൻപ് പ്രതികരിച്ചത്.
(പെൺകെണിയിൽ നിർമിതബുദ്ധി; ലോകത്തിലെ ഏറ്റവും വിലപ്പെട്ടതായിരുന്ന കമ്പനിയുടെ ഭാവിക്കുമേൽ ചാരപ്പണിയുടെ ചോദ്യചിഹ്നം) Read more at:https://www.rashtradeepika.com/artificial-intelligence-in-a-honey-trap-a-question-mark-over-the-future-of-the-worlds-most-valuable-company-due-to-espionage-allegations/
