പൂട്ടിക്കിടന്ന ഫ്ലാറ്റിലുണ്ടായ തീപിടിത്തം അവസരോചിതമായ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി 16-കാരൻ. ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി 2-ലുള്ള 11-ാം അവന്യൂവിലാണ് സംഭവം. കൃത്യസമയത്ത് ഫയർ എക്സ്റ്റിംഗ്യൂഷറുമായി (അഗ്നിശമന ഉപകരണം) എത്തി തീയണച്ച വിദ്യാർഥി വൻ അപകടമാണ് ഒഴിവാക്കിയത്.
ഉച്ചയ്ക്ക് ഒരു മണിയോടെ മുത്തച്ഛന്റെ സ്കൂട്ടർ എടുക്കാനായി താഴേക്ക് ഇറങ്ങിയപ്പോഴാണ് ഫ്ലാറ്റിൽ നിന്ന് തീയും പുകയും ഉയരുന്നത് 16-കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരെയും അയൽവാസികളെയും വിവരമറിയിച്ച ശേഷം, സഹായമെത്താൻ കാത്തുനിൽക്കാതെ കുട്ടി അഗ്നിശമന ഉപകരണവുമായി സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു.
തീ ഫ്ലാറ്റിനുള്ളിലേക്ക് പടരുന്നത് കണ്ടതോടെ, അയൽവാസിയുടെ ബാൽക്കണി വഴി തീപിടിച്ച അപ്പാർട്ട്മെന്റിന്റെ ഭാഗത്തേക്ക് കുട്ടി കയറി. ഉടമസ്ഥർ സ്ഥലത്തില്ലാത്തതിനാൽ ഫ്ലാറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. തുടർന്ന് ചില്ലുവാതിൽ തകർത്ത് അകത്തുകടന്ന 16-കാരൻ, അകത്തുണ്ടായിരുന്ന പുസ്തകക്കൂട്ടങ്ങളിലേക്കും മറ്റും തീ പടരുന്നതിന് മുൻപ് തന്നെ തീ പൂർണമായും അണച്ചു.
ഹേമന്ത് തിവാരി എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ധീരപ്രവൃത്തി പുറംലോകമറിഞ്ഞത്. വിഷപ്പുക വകവെക്കാതെ, കെട്ടിടത്തിന്റെ മാനേജ്മെന്റ് നടപടികൾക്കായി കാത്തുനിൽക്കാതെ ഒറ്റയ്ക്ക് തീയണച്ച കുട്ടിയുടെ മനസാന്നിധ്യത്തെയും ധൈര്യത്തെയും സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.
