ഉത്തരാഖണ്ഡിലെ ഹരിദ്വാർ-ഡെറാഡൂൺ ദേശീയപാതയിൽ കാട്ടാന രണ്ടുതവണ ചവിട്ടിയിട്ടും ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ നേപ്പാളി ഫാമിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
പുലർച്ചെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് ദേശീയപാതയിൽ വെച്ച് കാട്ടാനയ്ക്ക് മുന്നിൽ അകപ്പെടുകയായിരുന്നു. തുടർന്ന് ആന ഇയാളുടെ വയറിലും നെഞ്ചിലുമായി രണ്ടുതവണ ചവിട്ടുകയും കാൽക്കീഴിൽ അമർത്തുകയും ചെയ്തു. എന്നാൽ ആന മാറിയതിന് പിന്നാലെ, കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് യുവാവ് ഉടൻ തന്നെ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. ഇയാൾക്ക് ഗുരുതരമായ പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നാണ് വിവരം.
ഈ വഴി കടന്നുപോയ ശിവ ശർമ എന്ന ക്യാബ് ഡ്രൈവറും കണ്ടന്റ് ക്രിയേറ്ററുമാണ് ഈ ഭയാനകമായ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. നവംബർ 12ന് പുലർച്ചെ 3.46ഓടെ ഇദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഹരിദ്വാർ-ഡെറാഡൂൺ പാതയിൽ യാത്ര എളുപ്പമാണെങ്കിലും കാട്ടാനകൾ അപ്രതീക്ഷിതമായി റോഡിലിറങ്ങുന്നത് വലിയ ഭീഷണിയാണെന്നും യുവാവ് രക്ഷപ്പെട്ടത് മഹാഭാഗ്യം കൊണ്ടാണെന്നും ശിവ ശർമ പ്രതികരിച്ചു.
രാജാജി കടുവ സങ്കേതത്തോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ ഈ പാതയിൽ കാട്ടാനകളെയും മറ്റ് വന്യമൃഗങ്ങളെയും കാണുന്നത് പതിവാണ്. അതിനാൽ പുലർച്ചെയും രാത്രി വൈകിയും ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും, വാഹനങ്ങളുടെ വേഗത കുറച്ച് വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
