ആലുവയിലെ ഹലോവീന്‍ പാര്‍ട്ടി: ആസൂത്രണം ചെയ്ത 24കാരി ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ റിസോര്‍ട്ടില്‍ ഹലോവീന്‍ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയായ കേസില്‍ പാര്‍ട്ടി ആസൂത്രണം ചെയ്ത 24കാരി ചോദ്യം ചെയ്യലിന് ഹാജരായില്ല. യുവതിയുടെ മാതാപിതാക്കളെ പൊലിസ് ചോദ്യം ചെയ്തു.

മകള്‍ ഹലോവീന്‍ പാര്‍ട്ടിക്കാണ് പോയതെന്ന് അറിയില്ല എന്നാണ് കുടുംബം മൊഴി നല്‍കിയത്. പാര്‍ട്ടി നടത്തിയ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലിസ് ശേഖരിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത് എന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

ഒക്ടോബര്‍ 31ന് നടന്ന പാര്‍ട്ടിയിലെത്തിയ 30 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഇവരോടെല്ലാം മൊഴി നല്‍കാന്‍ പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തവരുടെ വീടുകളിലെത്തി മൊഴിയെടുക്കാനാണ് പൊലിസ് നീക്കം.

പാര്‍ട്ടിയില്‍ 15കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന അലക്‌സിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പാര്‍ട്ടിയില്‍ ലഹരിവസ്തുക്കള്‍ എത്തിയിട്ടുണ്ടോ എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. അലക്‌സ് രാസ ലഹരിയുപയോഗിച്ചിരുന്നോ എന്നതില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ ഫലം ലഭിച്ചിട്ടില്ല.

Related posts

Leave a Comment