തിരുവനന്തപുരം: ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയിച്ച് സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്. കല്ലിയൂർ സ്വദേശി മുള്ളൻ രതീഷിനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിനും 1.35 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. വെട്ടുകാട് സ്വദേശി ഓട്ടോ ഡ്രൈവർ രതീഷ് (32) ആണ് കൊല്ലപ്പെട്ടത്.
2016 ഓഗസ്റ്റ് 28നായിരുന്നു സംഭവം. മദ്യപിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തിയ രതീഷിനെ പ്രതിയും സുഹൃത്തുക്കളായ അന്യൻ ദിലീപും പട്ടാച്ചി കുട്ടപ്പനും ചേർന്ന് സ്റ്റീൽ വള ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ വിജനമായ പറമ്പിൽ കുഴിച്ചുമൂടി.
തെളിവ് നശിപ്പിക്കാനായി കൊല്ലപ്പെട്ടയാളുടെ ഓട്ടോറിക്ഷ തകർത്തശേഷം പൂങ്കുളത്തെ വർക്ക്ഷോപ്പിൽ ഉപേക്ഷിച്ചു. രണ്ട് മാസത്തിന് ശേഷം ഓട്ടോറിക്ഷ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
22 സാക്ഷികളെ വിസ്തരിക്കുകയും 44 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്താണ് പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ ദിലീപും കുട്ടപ്പനും വിചാരണയ്ക്ക് മുമ്പ് ഒളിവിൽ പോയതിനാൽ ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്.
