പള്ളുരുത്തി: പള്ളുരുത്തി പെരുമ്പടപ്പ് ഭാഗത്ത് വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്നതു തുടരുന്നു. പെരുമ്പടപ്പ് ചേമ്പുംകണ്ടം ഡ്രീം റോഡില്‍ പുളിമൂട്ടില്‍ വീട്ടില്‍ പ്രമോദിന്റെ ബൈക്കാണ് അജ്ഞാതര്‍ ഇന്നു വെളുപ്പിന് 2 ഓടെ അഗ്നിക്കിരയാക്കിയത്. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിച്ചാമ്പലായി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് വാഹനങ്ങള്‍ക്കാണ് തീയിട്ടത്.
വാഹനം അഗ്നിക്കിരയാക്കുന്നത് ആരെന്നറിയാന്‍ നാട്ടുകാര്‍ രൂപികരിച്ച സ്ക്വാഡ് പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ബൈക്ക് കത്തുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വെള്ളം ഒഴിച്ച് തീയണയ്ക്കുകയായിരുന്നു. തീ പെട്രോള്‍ ടാങ്കിലേക്ക് പടരുന്നതിന് മുന്‍പ് അയണയ്ക്കുവാന്‍ സാധിച്ചതിനാല്‍ സമീപം നിന്നിരുന്ന ഇലക്ടിക് കേബിളിലേക്ക് തീ പടരുന്നത് തടയുവാന്‍ സാധിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി കൊവേന്ത പാര്‍ക്ക് റോഡിന് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കുന്നേല്‍ ഹൗസില്‍ സ്റ്റാന്‍ലിയുടെയും പുളിക്കല്‍ വീട്ടില്‍ ബാബുവിന്റെയുംഓട്ടോറിക്ഷകള്‍ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയിരുന്നു.രാത്രി ഓട്ടം കഴിഞ്ഞതിന് ശേഷം വീടിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് അജ്ഞാതര്‍ തീയിട്ടത്. സംഭവത്തില്‍ കുമ്പളങ്ങി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആരേയും പിടികൂടാനായിട്ടില്ല. തുടര്‍ച്ചയായി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്നതിനെതുടര്‍ന്നു പ്രദേശത്തെ ജനങ്ങള്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്.