കൊല്ലങ്കോട്: ചമ്മണാംപതി തമിഴ്‌നാട് അതിര്‍ത്തിയില്‍ കൊമ്പനാനയെ കുഴിയില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ കാലത്തു പത്തിനാണ് മലയോര താമസക്കാര്‍ ആനയുടെ ജഡം കണ്ടെത്തിയത്. കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മുഹമ്മദ് ബാഹിര്‍, അസി. റേഞ്ച് ഓഫീസര്‍ ഷാജഹാന്‍ എന്നിവരും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കൊമ്പന് ഇരുപതു വയസ് തോന്നിക്കും. മുതലമട, പാലക്കാട് എന്നിവിടങ്ങളില്‍നിന്നും എത്തിയ വെറ്ററിനറി ഡോക്ടര്‍മാര്‍ മൂന്നുമണിക്കൂര്‍ നീണ്ട പോസ്റ്റുമോര്‍ട്ടം നടത്തി സംസ്കരിച്ചു.
മലഞ്ചെരിവില്‍ കാല്‍ വഴുതി കുഴിയില്‍ വീണതാണ് മരണകാരണമെന്നാണ് നിഗമനം. രണ്ടുദിവസം മുമ്പ് കൊല്ലങ്കോട് മലയില്‍ വന്‍തോതില്‍ തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തില്‍ വന്യമൃഗങ്ങളും ചത്തിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്. തീ കണ്ട ആന ഓടുന്നതിനിടെ കുഴിയില്‍ വീണതാവാമെന്നും കരുതുന്നു. പുതുനഗരത്ത് വ്യാഴാഴ്ച ഒരു കാട്ടുപോത്തും ഓടി എത്തിയിരുന്നു. പോത്തിന്റെ ആക്രമണത്തില്‍ രണ്ടു യുവാക്കള്‍ക്കു പരിക്കേറ്റു.