ആലപ്പുഴ: ദേശീയപാതയില്‍ എസ്എല്‍ പുരത്തിനു സമീപം കെഎസ്ആര്‍ടിസി ബസ് പച്ചക്കറിലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 5.15-ന് എസ്എല്‍ പുരം ജംഗ്ഷന് തെക്കുവശത്തായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് ചേര്‍ത്തല ഭാഗത്തേക്കു വരികയായിരുന്ന ബസ് എതിര്‍ദിശയില്‍ വന്ന പച്ചക്കറിലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. പരിക്കേറ്റവരെ മാരാരിക്കുളം പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വിവിധ ആശുപത്രികളിലെത്തിച്ചു. സാരമായി പരിക്കേറ്റ തിരുവനന്തപുരം പള്ളിക്കല്‍ ആയിരവല്ലി കുന്നുംപുറത്ത് വീട്ടില്‍ സജീര്‍ (24), രാമങ്കരി ആശാഭവനത്തില്‍ സോമന് (52) എന്നിവരെ വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.