കണ്ണൂര്‍: കേരള നിയമസഭയില്‍ ആര്‍എസ്എസിന് ഇത്തവണ അക്കൗണ്ട് തുറക്കുന്നതിനു വെള്ളാപ്പള്ളിയെ മധ്യസ്ഥനാക്കി ഉമ്മന്‍ചാണ്ടി കൂട്ടുകച്ചവടം നടത്തുകയാണെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. ഈ അവിശുദ്ധ സഖ്യത്തിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ജനദ്രോഹനടപടികളാണു കേരളത്തില്‍ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എകെജി അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ ആര്‍എസ്എസ് നേതൃത്വമാണ് ഇത്തരം ജല്പനങ്ങള് നടത്തുന്നത്. ഏതു സ്വാതന്ത്ര്യസമരത്തിലാണ് ആര്‍എസ്എസുകാര്‍ പങ്കെടുത്തതെന്നു വ്യക്തമാക്കണം. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമാണ് ആര്‍എസ്എസിനുള്ളത്. ബ്രിട്ടീഷ് വൈസ്രോയിയുടെ അടുത്തുചെന്നു ഞങ്ങള്‍ നിങ്ങള്ക്കൊപ്പമാണെന്നു പറഞ്ഞവരാണ് ആര്‍എസ്എസുകാര്‍. ചരിത്രം മറച്ചുവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും പിണറായി പറഞ്ഞു. കെ.പി. സഹദേവന് അധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്, പി.കെ. ശ്രീമതി എംപി, എംഎല്‍എമാരായ ഇ.പി. ജയരാജന്, ജയിംസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.