അനുവദനീയമായതില്‍ കൂടുതല്‍ ക്ഷാരം; ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി നൂഡില്‍സും നിലവാരമില്ലാത്തതെന്നു റിപ്പോര്‍ട്ട്

noodlsന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി പുറത്തിറക്കുന്ന നൂഡില്‍സും നിലവാരമില്ലാത്തതെന്നു ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പതഞ്ജലിയുടെ ആട്ട നൂഡില്‍സില്‍ അനുവദനീയമായതില്‍ കൂടുതല്‍ ക്ഷാരം അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് സേഫ്റ്റി ഓഫീസര്‍ ജെ.പി. സിംഗ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി അഞ്ചിനു മാഗി, യിപ്പി തുടങ്ങിയ നൂഡില്‍സുകള്‍ക്കൊപ്പം ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. അനുവദനീയമായ ഏറ്റവും ഏറിയ അളവ് ഒരു ശതമാനമാണെന്നിരിക്കെ മൂന്ന് ബ്രാന്‍ഡുകളില്‍ വച്ച് ഏറ്റവും കൂടുതല്‍ ക്ഷാരം അടങ്ങിയിരിക്കുന്നത് പതഞ്ജലിയിലാണെന്നാണ് (2.6 ശതമാനം) റിപ്പോര്‍ട്ട്. ടേസ്റ്റ് മേക്കറായി തയാറാക്കിയിരിക്കുന്നതിലാണിത്. മറ്റുള്ള സാമ്പിളുകളും ഉപയോഗിക്കാനാവാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

നെസ്‌ലെയുടെ മാഗിയില്‍ ടേസ്റ്റ് മേക്കറായി തയാറാക്കിയിരിക്കുന്നവയില്‍ ലെഡും മോണോസോഡിയം ഗ്ലൂട്ടാമേറ്റും അനുവദനീയമായതില്‍ കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു.അതിനിടെയാണ് ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ പേരിലുള്ള മാഗി പുറത്തിറങ്ങിയത്. ഇതിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭ്യമായിട്ടില്ലെന്നു വാര്‍ത്ത പുറത്തുവന്നിരുന്നു.

Related posts