മട്ടന്നൂര്‍: മാവേലി സ്‌റ്റോറില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ ബൈക്കിലെത്തി റോഡരികില്‍ തളളിയിട്ട് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ രക്ഷപ്പെട്ട യുവാവിനെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ഓടെ കൂടാളി കോഴിയോടന്‍ചാലിലായിരുന്നു സംഭവം. മുഖത്തും കൈക്കും പരിക്കേറ്റ പൂവത്തൂരിലെ പാറോത്ത്‌വീട്ടില്‍ പി. അമ്മാളു (70) കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂടാളിയിലെ മാവേലി സ്‌റ്റോറില്‍ നിന്നും അമ്മാളു സാധനങ്ങള്‍ വാങ്ങി തലചുമടായി റോഡരികിലെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. കോഴിയോടന്‍ചാല്‍-പൂവ്വത്തൂര്‍ റോഡില്‍ വച്ച് ബൈക്കിലെത്തിയ യുവാവ് അമ്മാളുവിനോട് ഒരാളെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അറിയില്ലെന്ന് അമ്മാളു പറഞ്ഞയുടന്‍ കഴുത്തിലുണ്ടായിരുന്ന രണ്ടേമുക്കാല്‍ പവന്റെ താലി മാല പൊട്ടിച്ച് യുവാവ് ബൈക്കുമായി അമിതവേഗതയില്‍ രക്ഷപ്പെടുകയായിരുന്നുവത്രെ. മാല പൊട്ടിക്കുന്നതിനിടെ അമ്മാളു തടഞ്ഞെങ്കിലും റോഡിലേക്ക് തളളിയിടുകയായിരുന്നു.
മാലയുടെ ചെറിയൊരു ഭാഗം സംഭവസ്ഥലത്ത് വച്ച് നാട്ടുകാര്‍ക്കു ലഭിച്ചു. മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയതിനാല്‍ എസ്‌ഐ എം.പി. വിനീഷ് കുമാര്‍ ആശുപത്രിയിലെത്തി അമ്മാളുവില്‍നിന്നു മൊഴിയെടുത്തിരുന്നു. പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.