പരവൂര്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ ദുരന്തമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു. അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചുള്ള വെടിക്കെട്ടിലും ഗജമേളകളിലും ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ ഗുരുതരമാണ്.
ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയും നിയമാനുസൃതമായ അനുമതികള്‍ തേടാതെയും നടത്തുന്ന ഇത്തരം ആഘോഷങ്ങളുടെ ഗുരുതരമായ തിക്തഫലങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുവാന്‍ പൊതുസമൂഹം തയാറാകണം. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ തുടര്‍സഹായം ഉറപ്പു വരുത്തുവാന്‍ സമഗ്രമായ ഒരു പാക്കേജ് ആവിഷ്കരിക്കണം.
അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഇത്തരം ആഘോഷങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊണ്ട് സമൂഹ നന്മയ്ക്കായി അപകടരഹിതമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പൊതുസമൂഹം തയാറാകണമെന്നും എംപി പറഞ്ഞു. വെടിക്കെട്ട് അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അപകടത്തിന്റെ സൂക്ഷ്മതലങ്ങള്‍ പരിശോധിച്ച് കണ്ടെത്തുക എന്നുള്ളത് സമഗ്ര അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.