ചാത്തന്നൂർ: കെഎസ്ആർടി സി ബസുകൾ ഉൾപ്പെട്ട വാഹനാപകട കേസുകളുടെ നഷ്ട പരിഹാരം നല്കുന്നതിനായി നടത്തിയ അദാലത്തുകൾ വിജയകരം.നഷ്ടപരിഹാരത്തിന്റെ പലിശയിനത്തിൽ കോടികളുടെ ലാഭം നേടാനായെന്നും കെ എസ് ആർ ടിസി വർഷങ്ങളായി കെട്ടി കിടക്കുന്ന നഷ്ടപരിഹാര കേസുകൾക്ക് പരിഹരിക്കാനും കഴിഞ്ഞു.
272 കേസുകൾ അതിവേഗത്തിൽ തീർപ്പാക്കി കഴിഞ്ഞു. കഴിഞ്ഞ ജൂലൈ 28 മുതൽ നവംബർ 24 വരെയുള്ള കാലഘട്ടത്തിലാണ് ഇത്രയധികം കേസുകൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞത്. മാത്രമല്ല ഒരു മാസത്തിനകം നഷ്ടപരിഹാര തുകയും വിതരണം ചെയ്യാൻ നടപടിയായി. നഷ്ടപരിഹാരത്തുകയുടെപലിശ ഇനത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കോടികൾ ലാഭിക്കാനും കഴിഞ്ഞു.
കെഎസ്ആർടിസിയുടെ എംഎ സിറ്റി യിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ചീഫ് ലാ ഓഫീസറുടെ നേതൃത്വത്തിലുള്ള കെഎസ്ആർടിസിയുടെ ലീഗൽ ടീം നടത്തിയ ശ്രമമാണ് വിജയിച്ചത്. ഹൈക്കോടതിയുടെ ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദേശപ്രകാരം ജില്ലാ ലീഗൽ സർവീസ് അഥോരിറ്റിയുമായി ബന്ധപ്പെട്ട് എംഎസിറ്റി കോടതികളുടെ മേൽനോട്ടത്തിൽ കെഎസ്ആർടിസി ഉൾപ്പെട്ടിട്ടുള്ള കേസുകളാണ് അതിവേഗം തീർപ്പാക്കിയത്.
തിരുവനന്തപുരം, പെരുമ്പാവൂർ, തൊടുപുഴ, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, മൂവാറ്റുപുഴ, കോട്ടയം, ആറ്റിങ്ങൽ, തലശേരി, തളിപ്പറമ്പ്, കൽപ്പറ്റ, എറണാകുളം, മഞ്ചേരി, വടകര, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ഇരിഞ്ഞാലക്കുട, തൃശൂർ, പാലക്കാട്, ഒറ്റപ്പാലം, പാലാ, തിരൂർ, കോഴിക്കോട്, കാസർഗോഡ്, നെയ്യാറ്റിൻകര തുടങ്ങി 28 സ്ഥലങ്ങളിലെ എം എസി റ്റി കോടതികളിലെ അദാലത്തുകളിലൂടെ യായിരുന്നു ഇത്.
തീർപ്പാക്കിയ കേസുകളിൽ ഒരു മാസത്തിനുള്ളിൽ തന്നെ ആവലാതിക്കാരന് നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുള്ളതായി കെഎസ്ആർടിസി സി എം ഡി പ്രമോജ്ശങ്കർ അറിയിച്ചു.കോടിക്കണക്കിന് രൂപയുടെ ബാധ്യത കുറയ്ക്കുന്നതിനും ഈ നടപടിയിലൂടെ സാധിച്ചിട്ടുണ്ട്. കേസുകൾ വേഗത്തിൽ തീർപ്പാക്കപ്പെടുന്നതുകാരണം അപകടസംബന്ധമായി പൊതുജനങ്ങൾക്ക് ലഭിക്കേണ്ട തുക വേഗത്തിൽ ലഭ്യമാക്കുന്നുണ്ട്.
പ്രദിപ് ചാത്തന്നൂർ
