എനിക്ക് മടുത്തു !ഒരേ ജനുസ്സില്‍പ്പെട്ട അച്ചായത്തിവേഷം അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം; സിനിമയില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള കാരണമായി നടി റോമ പറയുന്നത്…

മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ ശ്രേണിയിലേക്ക് ഉയരുന്നതിനിടെയാണ് നടി റോമ പൊടുന്നനെ മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. പൊതുവെ നായികമാര്‍ വിവാഹം കഴിയുമ്പോഴാണ് സിനിമയില്‍ നിന്നു വിട്ടു നില്‍ക്കാറുള്ളത് എന്നതിനാല്‍ റോമയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കും പഞ്ഞമുണ്ടായില്ല.

പക്ഷെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ തിളങ്ങി നിന്നിരുന്ന റോമയ്ക്ക് സംഭവിച്ചതെന്തെന്ന് ആരാധകര്‍ ചോദിക്കുമ്പോള്‍ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് റോമ തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയില്‍ വളരെ നീണ്ട ഗ്യാപ്പാണ് എനിക്കുണ്ടായത്. ഒരു പരിധിവരെ അത് മനപൂര്‍വ്വമായിരുന്നു എന്ന് റോമ പറയുന്നു. ഒരേ ജനുസ്സില്‍പ്പെട്ട അച്ചായത്തിവേഷം അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം.

ഇവ മാത്രമാണ് എന്നെത്തേടി എത്തിക്കൊണ്ടിരുന്നത്. പ്രകടനത്തിലെ ആവര്‍ത്തനം എനിക്കുതന്നെ മടുപ്പുളവാക്കി. പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു ഗ്യാപ്പ് വേണമെന്നുതോന്നി. ഞാന്‍ ബാംഗ്ലൂരിലേക്കുതന്നെ തിരിച്ചുപോന്നു.

സിനിമയെ പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ പറ്റാത്തതുകൊണ്ടാണ് ചില സിനിമകളില്‍ ക്ഷണം സ്വീകരിച്ച് വന്നുപോയത്. വ്യത്യസ്തമായ കഥാപാത്രത്തിനുവേണ്ടിയാണ് ഞാനിപ്പോള്‍ കാത്തിരിക്കുന്നത്- റോമ പറഞ്ഞു.

ഇടക്ക് ഡാന്‍സ് ബാറുകളിലും, പബ്ബുകളിലും താരം അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്തായാലും താരം സിനിമാ അഭിനയം നിര്‍ത്തിയിട്ടില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

Related posts