ഒരാളെ കാണുമ്പോള്‍ അവരുടെ കുറ്റങ്ങള്‍ ആദ്യം കണ്ടെത്തുന്നവരാണ് മലയാളികള്‍ ! തെറ്റില്‍ വീണുപോകാന്‍ ആഗ്രഹിക്കാത്തവര്‍ക്കു സിനിമ സേഫ്സോണ്‍ തന്നെ; പിന്നെ നമ്മള്‍ തെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും;വെട്ടിത്തുറന്ന് പറഞ്ഞ് സീനത്ത്

മലയാള സിനിമയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് സീനത്ത്. നാടകത്തിലൂടെയാണ് സീനത്ത് സിനിമയിലെത്തിയത്. മലയാളികള്‍ക്ക് ആളുകളെ അംഗീകരിക്കാന്‍ മടിയാണെന്ന് നടി പറയുന്നു. മലയാളികളുടെ മനോഭാവത്തെക്കുറിച്ച് സീനത്ത് പറയുന്നതിങ്ങനെ…നാടകമൊക്കെ ചെയ്യുന്ന സമയത്ത് കെ.ടി പറയുമായിരുന്നു, ഓഡിയന്‍സ് ശരിക്കും നമുക്ക് എതിരായിട്ടാണിരിക്കുന്നത്. നല്ലതാണെങ്കില്‍ മാത്രം അതിലേക്കവര്‍ അറിയാതെ വീണുപോകും. ഒരാളെ കാണുമ്പോള്‍ അവരുടെ കുറ്റങ്ങളാണ് മലയാളികള്‍ ആദ്യം കണ്ടെത്തുക. ഒരു പുതിയ സ്ഥലത്തു നമ്മള്‍ സിനിമാക്കാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ താമസിക്കാന്‍ എത്തിയാല്‍ ചിലര്‍ ചെയ്യുന്നത് ഇന്റര്‍നെറ്റില്‍ എല്ലാ സൈറ്റിലും നോക്കുക എന്നാണ്.

എന്തങ്കിലും കിട്ടിയാല്‍ നാടുമുഴുവന്‍ പറഞ്ഞു നടക്കാമല്ലോ. പിന്നെ നമ്മുടെ പ്രായം അറിയാനുള്ള വെപ്രാളം. എനിക്ക് ഇത്തരക്കാരെ ഇഷ്ടമല്ല. സിനിമാക്കാരെ കുറ്റം പറയാനും കുറ്റങ്ങള്‍ കണ്ടുപിടിക്കാനും ഇവര്‍ കഷ്ടപ്പെടും. എനിക്ക് സിനിമയ്ക്ക് പുറത്തുള്ള പലരുടേയും കഥകള്‍ അറിയാം. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ പറ്റിക്കുന്നതും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ പറ്റിക്കുന്നതും. എല്ലാം കഴിഞ്ഞു അവര്‍ പരസ്പരം കാണുമ്പോഴുള്ള ചേട്ടാ… മോളെ… എന്നൊക്കെ പറഞ്ഞുള്ള സ്നേഹപ്രകടനങ്ങള്‍ കാണുമ്പോള്‍ ഉള്ളില്‍ ചിരിക്കാറുണ്ട്. എന്നിട്ട് ഇവര്‍ സിനിമാക്കാരെ കുറ്റം പറയുമ്പോള്‍ ഇവരോടൊക്കെ എനിക്ക് അറപ്പും വെറുപ്പും തോന്നിയിട്ടുണ്ട്.

ഇന്നത്തെ നടിമാര്‍ പലരും മീ…റ്റൂ പറയുമ്പോള്‍ സീനത്ത് പറയുന്നത് വേറൊന്നാണ്. തെറ്റില്‍ വീണുപോകാന്‍ ആഗ്രഹിക്കാത്തവര്‍ക്കു സിനിമ സേഫ്സോണ്‍ തന്നെ. സഞ്ചരിക്കാന്‍ വാഹനം, താമസിക്കാന്‍ സ്ഥലം, പിന്നെ ലൊക്കേഷനിലാണെങ്കില്‍ അറിയാവുന്ന ആളുകള്‍. പിന്നെ നമ്മള്‍ തെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയും. എല്ലാ മേഖലയിലും എല്ലാകാലത്തും സ്ത്രീയെ ചൂഷണം ചെയ്യുന്നത് നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്, അതില്ലാതെ ആവണമെങ്കില്‍ മാതാപിതാക്കള്‍ക്ക് സ്വയം തിരിച്ചറിവ് ഉണ്ടാകുക. കുട്ടികളെ ബോധവല്‍ക്കരിക്കുക. പിന്നെ സ്ത്രീയും പുരുഷനും തമ്മില്‍ ആകര്‍ഷണമുണ്ട്. സിനിമയില്‍ മാത്രമല്ല, ലോകം ഉള്ളിടത്തോളം കാലം എവിടെയായാലും അതുണ്ട്.

സ്ത്രീയും പുരുഷനും തമ്മിലുള്ള ആകര്‍ഷീണിയതയിലാണല്ലോ ഭൂമി നിലനില്‍ക്കുന്നത് തന്നെ. ഇത് മി…റ്റൂ ആകുന്നത് അവളുടെ ശരീരത്തില്‍ അവളുടെ ഇഷ്ടവും സമ്മതവും കൂടാതെ കൈ വയ്ക്കുമ്പോഴും, തൊഴിലിടത്തില്‍ നീ എനിക്ക് വഴിപ്പെട്ടാല്‍ മാത്രമേ നിനക്ക് തൊഴില്‍ ഉള്ളു എന്ന് പറയുമ്പോഴും ആണ്. നമ്മളെ സൂക്ഷിക്കാന്‍ നമുക്ക് മാത്രമേ പറ്റൂ. ഒരു പെണ്‍കുട്ടിയേയും ഇതുവരെ ആരും ചാന്‍സ് കൊടുക്കാം എന്ന് പറഞ്ഞു അറ്റാക്ക് ചെയ്തു എന്ന് ഞാന്‍ കേട്ടിട്ടില്ല. കുട്ടികള്‍ അമ്മമാരുടെ കൂടെയാണ് വരുന്നത്. ഒരു റൂമിലേക്ക് ഒരു കുട്ടി പോയെങ്കില്‍ അത് അവളുടെ അമ്മയുടെ അനുവാദത്തോടെയാണ്. അപ്പോള്‍ മിണ്ടാതിരുന്നിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.

എവിടെയാണെങ്കിലും ചതിക്കുഴിയില്‍ വീഴുന്നത് പലപ്പോഴും പാവപ്പെട്ട പെണ്‍കുട്ടികളായിരിക്കും. അല്ലാത്തവര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അവര്‍ പ്രതികരിക്കും. അവര്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ട്, ബാക്ക്ഗ്രൗണ്ടുണ്ട്. ഏതെങ്കിലും ഒരു പാവപ്പെട്ട കുട്ടി പ്രതികരിക്കുന്നത് കണ്ടിട്ടുണ്ടോ. പലരും നമ്മളോട് ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടാവാം. അപ്പോള്‍ എനിക്ക് താല്‍പര്യമില്ല എന്നെ വെറുതേ വിട്ടേക്കൂ എന്ന് പറയാന്‍ കഴിയണം. ഓരോരുത്തരുടെ പേരുകള്‍ പറയുമ്പോള്‍ അവര്‍ക്ക് ചുറ്റും അവരെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ ഉണ്ടാകും, അവരും കൂടി വിഷമിക്കുമെന്നാണ് സീനത്ത് പറയുന്നത്.

Related posts