കൊച്ചി: അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് നടന്നത് 2,000 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം. ഇന്നലെയായിരുന്നു അക്ഷയ തൃതീയ. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരം ജ്വല്ലറികളില്‍ ഇന്നലെ ഭേദപ്പെട്ട വ്യാപാരം നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സ്വര്‍ണത്തിന്റെ വിലവര്‍ധന, യുദ്ധ സാഹചര്യങ്ങള്‍, സാമ്പത്തിക മാന്ദ്യം തുടങ്ങിയ സാഹചര്യങ്ങളെല്ലാം മറികടന്ന് മൂന്നുലക്ഷത്തോളം ഉപഭോക്താക്കള്‍ സ്വര്‍ണ വ്യാപാരശാലകളിലേക്ക് എത്തിയതായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളും, കോയിനുകളും, ബാറുകളുമാണ് കൂടുതലായി വിറ്റുപോയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ 250 ശതമാനത്തോളം വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം അക്ഷയതൃതീയക്ക് വാങ്ങിയതിനേക്കാള്‍ 60 ശതമാനത്തോളം ലാഭമാണ് സ്വര്‍ണത്തില്‍ നിന്നും ഇത്തവണ ലഭിച്ചത്.
സ്വന്തം ലേഖിക
