‘ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്’ എന്ന പേരിൽ യുവാക്കളെ വലയിലാക്കി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വൻ സൈബർ സംഘത്തെ പിടികൂടി ബിഹാർ പോലീസ്. നവാഡ സ്വദേശിയായ രഞ്ജൻ കുമാർ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണികളാക്കാൻ സഹായിക്കുന്ന പുരുഷന്മാർക്ക് 10 ലക്ഷം പ്രതിഫലം നൽകാമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. അഥവാ ആദ്യ ശ്രമത്തിൽ വിജയം കണ്ടില്ലെങ്കിലും പണം ലഭിക്കും. പത്ത് ലക്ഷത്തിന്റെ പകുതി നൽകുമെന്ന് സംഘം ഉറപ്പ് നൽകി.
ആഗ്രഹമുള്ളവർ ചെയ്യേണ്ടത് ഇത്രമാത്രം. താല്പര്യം പ്രകടിപ്പിക്കുന്നവരോട് ആദ്യം രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും. പിന്നീട് ഹോട്ടൽ വാടക, ടാക്സ്, ഫയൽ ചാർജ് എന്നിങ്ങനെ വിവിധ പേരുകളിൽ പണം ഈടാക്കിക്കൊണ്ടിരിക്കും. കിട്ടുന്നത് പത്ത് ലക്ഷമാണല്ലോ എന്നോർത്ത് പല വിരുതൻമാരും തട്ടിപ്പുകാർ ചോദിക്കുന്ന തുക നൽകിക്കൊണ്ടികുന്നു. കാര്യം നിസാരമെന്ന് പറഞ്ഞ് കുഴിയിൽ ചാടിയവനാകട്ടെ കിട്ടിയത് മുട്ടൻ പണി.
ഒരു ഘട്ടം കഴിയുന്പോഴാകും തങ്ങൾ ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെടുന്നത്. പക്ഷേ മാനഹാനിയും നാണക്കേടും ഭയന്ന് പലരും പോലീസിൽ പരാതിപ്പെടാനോ മറ്റുള്ളവരോട് പറയാനോ തയാറാകില്ല. ഇത് തട്ടിപ്പുകാർക്ക് ഗുണകരമാവുകയും ചെയ്തു.
‘പ്രഗ്നന്റ് ജോബ്’ കൂടാതെ മറ്റ് പല പേരുകളിലും ഇവർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ‘പ്ലേ ബോയ് സർവീസ്’ എന്ന പേരിലും ‘ധനി ഫിനാൻസ്’, ‘എസ്.ബി.ഐ ചീപ്പ് ലോൺസ്’ തുടങ്ങിയ പേരുകളിൽ കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്തും ഇവർ പണം തട്ടിയിരുന്നു.
