നായകന്മാര്‍ ചെയ്യുന്നതു പോലെ എനിക്ക് ചെയ്യാന്‍ പറ്റില്ല ! കാരണം അവര്‍ക്കുള്ളതല്ലല്ലോ എനിക്കുള്ളത്; വെട്ടിത്തുറന്നു പറഞ്ഞ് അമലാ പോള്‍

തെന്നിന്ത്യന്‍ സിനിമകളിലെ മിന്നും പ്രകടനത്തിനു ശേഷം ബോളിവുഡിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായികയായ അമലാ പോള്‍. മാത്രമല്ല ആദ്യമായി ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ സന്തോഷത്തിലുമാണ് താരം.

‘അതോ അന്ത പാര്‍വൈ പോല്‍’ എന്ന ചിത്രത്തിലാണ് അമലപോള്‍ ആദ്യമായി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. ഡ്യൂപ്പില്ലാതെ അമല തന്നെയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ അനുഭവങ്ങള്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല തുറന്ന് പറഞ്ഞു.

കാടിനുള്ളില്‍ അകപ്പെട്ട് പോകുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥയാണ് അതോ അന്ത പാര്‍വൈ പോല്‍ എന്ന ചിത്രം പറയുന്നത്. കഥ പറയുന്ന സമയം തന്നെ തനിക്കറിയാമായിരുന്നു ഇത് വ്യത്യസ്തമായ ഒന്നായിരിക്കുമെന്നും ഇതുപോലുള്ള ചിത്രങ്ങളാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും അമല വ്യക്തമാക്കി.

താന്‍ ആദ്യം ഫൈറ്റ് ചെയ്തപ്പോള്‍ ശരിക്ക് ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്‍ക്കും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. തന്റെ കായിക പഞ്ചാത്തലത്തെക്കുറിച്ച് അവര്‍ക്ക് അറിയില്ലായിരുന്നുവെന്നും അമല പറയുന്നു.

തനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നതിനാല്‍ ആക്ഷന്റെ ഓരോ ചുവടും നൃത്തം പോലെ പഠിച്ചെടുത്തുവെന്നും അമല പറയുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചെയ്തപ്പോഴാണ് ഒരു കാര്യം താന്‍ മനസിലാക്കിയത്, ആക്ഷന്‍ ചെയ്ത് കാണിക്കുമ്പോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടും.

പക്ഷേ തന്നോട് ആരെങ്കിലും നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ പറയുന്നത് വെറുപ്പാണ്. കാരണം തനിക്കുള്ളത് ഓവറിയാണ് അല്ലാതെ ബോള്‍സല്ല, സ്ത്രീകളുടെ ശരീര ഭാഷ തന്നെ വേറെയാണെന്നും അമല പറഞ്ഞു.

Related posts