വാഷിംഗ്ടൺ ഡിസി: അമേരിക്കയും ഇറാനും സായുധ പോരാട്ടത്തിന്റെ വക്കിലെത്തി നിൽക്കെ, നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന് ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ അത് എപ്പോഴാണെന്ന് വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.”യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിന് തയാറാകുമെന്ന് ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ലോകം കാണും…’ ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തര മന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിന് സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. പഴയ ആണവ കരാറിൽനിന്ന് പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ “ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
