തൊടുപുഴ: ജില്ലയില്‍ ഗാര്‍ഹിക പീഡന പരാതികള്‍ കൂടുന്നതായി കണക്കുകള്‍. 2025ല്‍ ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസിലും ജില്ലയിലെ നാല് സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും സഖി വണ്‍ സ്റ്റോപ് സെന്ററിലുമായി ലഭിച്ചത് 609 പരാതികളാണ്. ഇതില്‍ 71 പേര്‍ക്ക് കോടതികളില്‍നിന്ന് സംരക്ഷണ ഉത്തരവുകള്‍ ലഭ്യമായിട്ടുണ്ട്. ജില്ലയില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ഒരു മാസം ശരാശരി 50 പരാതികള്‍ ലഭിക്കുന്നതായാണ് കണക്ക്. പോലീസിനു ലഭിക്കുന്ന പരാതികള്‍ ഇതിനു പുറമേയാണ്.
ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പരാതി നല്കാന് തയാറാകുന്നുണ്ടെന്ന് ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.എസ്. പ്രമീള പറഞ്ഞു. അതേസമയം, ജില്ലയിലെ ട്രൈബല്‍ മേഖലകളില്‍നിന്നു പരാതികള്‍ ഇപ്പോഴും പുറത്തേക്കു വരുന്നില്ല. ജില്ലയില്‍ അതീവ ഗൗരവകരമായ പരാതികള്‍ക്കു പുറമേ കഴമ്പില്ലാത്തവയും ഇടയ്ക്കു ലഭിക്കാറുണ്ട്.
ഗാര്‍ഹിക അതിക്രമങ്ങളില്‍ പ്രധാന വില്ലന്‍ പങ്കാളിയുടെ മദ്യപാനവും ലഹരി ഉപയോഗവുമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗം, ദമ്പതിമാര്‍ക്കിടയിലെ വിശ്വാസമില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയാണ് മറ്റു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡന പരാതികള്‍ പൊതുവേ കുറഞ്ഞിട്ടുണ്ട്.
ഗാര്‍ഹിക അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്ക് വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസിലോ സഖി വണ്‍ സ്റ്റോപ് സെന്ററിലോ താമസസ്ഥലത്തിനടുത്തുള്ള സര്‍വീസ് പ്രൊവൈഡിംഗ് സെന്ററിലോ പരാതി നല്‍കാം. ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസ് പൈനാവിലെ എസ്ബിഐ ശാഖയ്ക്കു സമീപമാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിനോടു ചേര്‍ന്നുതന്നെയാണ് സഖി വണ്‍ സ്റ്റോപ് സെന്ററും പ്രവര്‍ത്തിക്കുന്നത്. തൊടുപുഴ, കുമളി, അടിമാലി, ചെറുതോണി എന്നിവിടങ്ങളിലാണ് സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളുള്ളത്.എല്ലാ സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും സൗജന്യ നിയമോപദേശവും നിയമസഹായവും ലഭ്യമാണ്.
പ്രൊട്ടക്ഷന്‍ ഓഫീസില്‍നിന്ന് സൗജന്യ നിയമസഹായം, കൗണ്‍സലിംഗ്, മെഡിക്കല്‍ സഹായം, ഷെല്‍ട്ടര്‍ ഹോം സേവനം, പുനരധിവാസ സഹായ നടപടികള്‍ എന്നിവ ലഭ്യമാകും. സഖി വണ്‍ സ്റ്റോപ് സെന്ററിൽ 24 മണിക്കൂറും സഹായം ലഭ്യമാണ്.താത്കാലിക അഭയം ആവശ്യമുള്ളവര്‍ക്ക് 20 ദിവസം വരെ ഇവിടെ താമസസൗകര്യവും ഒരുക്കും.
ഗാര്‍ഹിക പീഡനങ്ങള്‍ മൂലം വീട് ഉപേക്ഷിച്ചു പോകേണ്ടിവരുന്ന സാഹചര്യങ്ങളില്‍ മറ്റെങ്ങും ആശ്രയമില്ലാതെവരുന്ന സ്ത്രീകള്‍ക്കും അവരോടൊപ്പമുള്ള കുട്ടികള്‍ക്കും ജില്ലയില്‍ കട്ടപ്പന,പൈനാവ് എന്നിവിടങ്ങളില്‍ രണ്ട് അഭയ ഭവനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍. വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസ്, പൈനാവ് 04862 221722, 8281999056.
