കടലിനടിയിൽ ഭീമൻ ദേശീയ പതാക വിരിച്ചുള്ള ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന്റെ റിക്കാർഡ് നേട്ടം രാജ്യത്തിന് അഭിമാനമാകുന്നു. അത്യന്തം സങ്കീർണമായ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ വിവിധ സേനാ വിഭാഗങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും വലിയൊരു സംഘം തന്നെയാണ് അണിനിരന്നത്.
ആൻഡമാൻ നിക്കോബാർ പോലീസ്, വനം വകുപ്പ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർക്ക് പുറമേ വിവിധ ഡൈവിംഗ് സെന്ററുകളിൽ നിന്നുള്ള 200ൽ അധികം പ്രൊഫഷണൽ സ്കൂബ ഡൈവർമാർ എന്നിവർ പങ്കെടുത്ത ഈ ദൗത്യത്തിലെ ഏറ്റവും വലിയ ആകർഷണം സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് കൗമാരക്കാരായിരുന്നു. ഫത്തേ ജഹാൻ സിംഗ് (16), ലാവണ്യ ഐറ (15), രൺവിജയ് സിംഗ് (14) എന്നിവർ ഈ റെക്കോർഡ് നേട്ടത്തിന്റെ ഭാഗമായ ഏറ്റവും പ്രായം കുറഞ്ഞ ഡൈവർമാരായി.
ശനിയാഴ്ച രാവിലെ 10.35-ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രതിനിധി ഋഷി നാഥ് ഔദ്യോഗിക സ്ഥിരീകരണം നൽകുകയും ലെഫ്റ്റനന്റ് ഗവർണർ ഡി.കെ. ജോഷിക്ക് സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സാഹസിക ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
