അഞ്ജു റാണി! ശരീരം തളര്‍ത്തിയ രോഗങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ റെക്കോര്‍ഡു പുസ്തകത്തില്‍ ഇടംപിടിച്ചവള്‍; ഇല്ലാത്തതിനെക്കുറിച്ചോര്‍ത്ത് പരാതിപ്പെടുന്നവര്‍ കണ്ടുപഠിക്കണം ഈ കൊച്ചുമിടുക്കിയെ…

എത്ര കിട്ടിയാലും മതിവരാത്തവരാണ് നമ്മള്‍. എന്തൊക്കെ ഉണ്ടെങ്കിലും ഇല്ലാത്തതിനെക്കുറിച്ചോര്‍ത്ത് ആകുലതപ്പെടുകയും പരാതിപ്പെടുകയും ചെയ്യുന്നവര്‍ക്ക് പഠിക്കേണ്ട ഒരു വ്യക്തിയെയാണ് ഇന്നു നമ്മള്‍ പരിചയപ്പെടുന്നത്.

ശരീരം തളര്‍ത്തിയ രോഗങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ നിന്നുകൊണ്ട് റെക്കോര്‍ഡു പുസ്തകത്തില്‍ ഇടംപിടിച്ചവള്‍, അരയ്ക്കു താഴേയ്ക്ക് തളര്‍ന്ന ശരീരത്തെ മനോബലം കൊണ്ടു നോക്കി പുഞ്ചിരി തൂകുന്നവള്‍, തന്നെ പോലെ തന്നെ വീല്‍ചെയറിലായവര്‍ക്കു വേണ്ടി പ്രയത്‌നിക്കുന്നവള്‍… ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള ഒരു വ്യക്തിത്വമാണ് അഞ്ജു റാണി എന്ന യുവതി.

അഞ്ജു റാണിയെന്ന യുവതിയെ ശ്രദ്ധേയയാക്കുന്നതും അവളുടെ മനോധൈര്യവും നിശ്ചയ ദാര്‍ഢ്യവും തന്നെയാണ്. താന്‍ പിന്നിട്ട കനല്‍ വഴിത്താരകളെക്കുറിച്ച് അഞ്ജുറാണി മനസു തുറക്കുന്നു.

ജാര്‍ ലിഫ്റ്റിങ്ങിലാണ് അഞ്ജു റാണിയുടെ ലോക റെക്കോര്‍ഡ്. ഒന്നല്ല രണ്ടെണ്ണം. 1.5 കിലോ ഭാരമുള്ള 2 ഗ്ലാസ് ജാറുകള്‍ വെറും 2 വിരലുകള്‍ ഉപയോഗിച്ച് ഒരേസമയം രണ്ടുകൈകള്‍കൊണ്ടും ഉയര്‍ത്തിപ്പിടിച്ചാണ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്.

ഇരുകൈകള്‍ക്കൊണ്ടും ഒരേസമയം എഴുതുന്ന മിറര്‍ റൈറ്റിങ്ങിലും തന്റെ പ്രാവീണ്യം ഈ മിടുക്കി തെളിയിച്ചിട്ടുണ്ട്. നാല് വ്യത്യസ്തമായ രീതിയില്‍ ഇംഗ്ലീഷും മലയാളവും എഴുതാന്‍ അഞ്ജുറാണിക്ക് കഴിയും.

അടുത്തിടെ പുറത്തിറങ്ങിയ ഒരു നല്ല കോട്ടയംകാരന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ച അഞ്ജുറാണി ഉടന്‍ റിലീസിനൊരുങ്ങുന്ന ഇന്‍ഷാ എന്ന സിനിമയിലും ഒരു വേഷം ചെയ്യുന്നു.

വീല്‍ചെയര്‍ യൂസേഴ്‌സ് മാത്രം അംഗങ്ങളായ ഫ്രീഡം ഓണ്‍ വീല്‍സിലെ അംഗങ്ങള്‍ അരങ്ങിലെത്തിച്ച ഛായ നാടകത്തിലും അഞ്ജുറാണി അഭിനയിച്ചിട്ടുണ്ട്. വീല്‍ ചെയറിലെ അഭിനേതാക്കള്‍ മാത്രം അണിനിരക്കുന്ന ഇന്ത്യയിലെ ആദ്യ നാടകമാണ് ഇത്.

ഫ്രീഡം ഓണ്‍ വീല്‍സ് എന്ന സംഘടനയോടൊത്തു പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന തണല്‍ പാരാപ്ലീജിക് പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആയും അഞ്ജുറാണി പ്രവര്‍ത്തിക്കുന്നു.

ജീവിതം വീല്‍ചെയറിലായെങ്കിലും വിധിയെ പഴിക്കാതെ മുന്നേറിയ അഞ്ജുറാണി സോഷിയോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഓഡിയോ ആന്‍ഡ് വീഡിയോ എഡിറ്റിംഗും പഠിച്ചു.

ഇപ്പോള്‍ സ്വന്തമായി കൈകൊണ്ടു നിര്‍മിക്കുന്ന ആഭരണങ്ങള്‍ ഓണ്‍ലൈന്‍ ആയി വില്‍ക്കുന്ന അഞ്ചൂസ് കളക്ഷന്‍സ് എന്നൊരു കൊച്ചു സംരംഭവും അഞ്ജുവിനുണ്ട്.

ഫെയ്‌സ്ബുക് പേജിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ഇതോടൊപ്പം തന്നെ, പ്ലാവില പ്ലസ് ടിവി എന്ന യൂട്യൂബ് ചാനലില്‍ മീഡിയ മാനേജര്‍ ആയും ജോലി ചെയ്യുന്നു.

എല്ലാത്തിനും അഞ്ജു നന്ദി പറയുന്നത് തന്റെ മാതാപിതാക്കളോടാണ്. റിട്ടയേഡ് അധ്യാപകനായ ജോയ് കെ.ജി. -ജെസി ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവളാണ് അഞ്ജുറാണി. അരയ്ക്കു താഴേയ്ക്കു തളര്‍ന്ന അഞ്ജുവിനെ എടുത്തുകൊണ്ട് എല്ലായിടത്തും പോകുന്നത് പിതാവാണ്.

മകളുടെ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതാകട്ടെ അമ്മയും. അമല്‍, ആഷ്‌ലി എന്നീ ഇളയ സഹോദരങ്ങളും അഞ്ജുറാണിക്കുണ്ട്.

Related posts

Leave a Comment