മെലിഞ്ഞ് സുന്ദരിയും സുന്ദരനുമായിരിക്കണം, പരസ്പരം സംസാരിക്കാന്‍ രഹസ്യ കോഡു കള്‍; ആപ്പിള്‍ കമ്പനിയിലെ സ്വപ്ന ജോലിയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജീവനക്കാര്‍

apple-.jpg.image.784.410ഐടി ഭീമന്മാരായ ആപ്പിളിന്റെ കമ്പനിയില്‍ ജോലി കിട്ടുക എന്നത് ഏതൊരു സാങ്കേതിക വിദഗ്ധന്റെയും ലക്ഷ്യവും സ്വപ്‌നവുമാണ്. എന്നാല്‍ ആപ്പിളിനുള്ളിലെ തൊഴില്‍ അന്തരീക്ഷം അത്ര സുഖകരമല്ല എന്നാണ് അവിടെ ജോലിയെടുക്കുന്നവര്‍ തന്നെ വെളിപ്പെടുത്തുന്നത്.

അതീവരഹസ്യമായിട്ടാണ് ആപ്പിളിലെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ ആപ്പിളിനുള്ളിലെ വിവരങ്ങളും തൊഴില്‍ അന്തരീക്ഷവുമെല്ലാം പുറത്ത് വന്നിട്ടുള്ളു. പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെയാണ് പലരും തുറന്നുപറച്ചിലുകള്‍ നടത്തിയിരിക്കുന്നത്.

ആപ്പിളിലെ ജോലി ഒരിക്കല്‍ നിരസിച്ചാല്‍ എക്കാലത്തേയ്ക്കുമായി നിരസിച്ചു എന്നു വേണം കരുതാന്‍. കാരണം പിന്നീടൊരവസരം കമ്പനി നല്‍കില്ല. ഒരിക്കല്‍ ലഭിച്ച അപേക്ഷ വീണ്ടും വന്നാല്‍ നിരസിക്കാനാവശ്യമായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇന്റേണ്‍ഷിപ്പ് അപേക്ഷകള്‍ ആപ്പിള്‍ പരിശോധിക്കുന്നത്.

അമിതവണ്ണമുള്ളവരെയും സൗന്ദര്യം കുറഞ്ഞവരെയും ആപ്പിളില്‍ ജോലിയ്‌ക്കെടുക്കില്ല. കായികതാരങ്ങളെപ്പോലെ മെലിഞ്ഞ സുന്ദരന്മാരെയും സുന്ദരികളെയുമാണ് ഇവര്‍ക്കാവശ്യം. അവരില്‍ മിക്കവരും സൈക്ലിംഗ്, ട്രയാത്തലണ്‍, മാരത്തണ്‍ എന്നിവയെല്ലാം പരിശീലിക്കുന്നവരും ഹോബിയാക്കിയിരിക്കുന്നവരുമാണ്. കായികതാരങ്ങളേപ്പോലെയാണ് ജീവനക്കാരില്‍ പലരും.

സാധാരണ ആരോഗ്യമുള്ളവര്‍ക്ക് താങ്ങാനാവുന്നതിലും അധിക സമയം ഇവിടുത്തെ ജീവനക്കാര്‍ക്ക് ജോലി ചെയ്യേണ്ടതുണ്ട്. അമിതവണ്ണവും മറ്റും ഉള്ളവര്‍ക്ക് ഇത് സാധ്യമാകില്ല എന്ന കാരണത്താലാണ് ഇത്താരക്കാരെ ഒഴിവാക്കുന്നത്.

ഓരോ ജീവനക്കാരും പ്രത്യക നിരീക്ഷണത്തിന് വിധേയരാണ്. ആപ്പിളിന്റെ ഒരോ ഉത്പ്പന്നത്തിനും രഹസ്യ കോഡുകളുണ്ട്. ജീവനക്കാര്‍ പരസ്പരം സംസാരിക്കുന്നത് പോലും ഈ കോഡ് ഉപയോഗിച്ചാണ്. ഒാരോരുത്തരും അവരവരുടെ ജോലിയെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും സഹപ്രവര്‍ത്തകരോടും ചര്‍ച്ച ചെയ്യാന്‍ പാടില്ല. ഒരോ ജീവനക്കാരുടെയും ചവറ്റുകുട്ട പോലും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്.

ഡെവലപ്പര്‍മാരുടെ മീറ്റിംഗ് നടക്കുന്നത് പുലര്‍ച്ചെ നാല് മണിയ്ക്കും മറ്റുമാണ്. ലോകത്തെ വിവിധഭാഗങ്ങളിലെ സമയവുമായി ബന്ധിപ്പിക്കാനാണ് ഈ സമയത്ത് മീറ്റിംഗ് നടത്തുന്നത്.

അസുഖം വരികയോ മരിക്കുകയോ ചെയ്തില്ലെങ്കില്‍ ജോലിയ്‌ക്കെത്തണമെന്നാണ് ആപ്പിളിന്റെ നയം. എല്ലാ ജീവനക്കാരും കൃത്യ സമയത്തെത്തണം.  ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ഓരോന്ന് ആവശ്യപ്പെട്ട് കമ്പനിയില്‍ നിന്ന് മെയിലുകള്‍ ലഭിക്കാറുണ്ട്.

ഞായാറാഴ്ചകളില്‍പ്പോലും വിശ്രമിക്കാം എന്ന് കരുതേണ്ട. ആപ്പിളിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും സമ്മര്‍ദ്ദമേറിയ ദിനം. കാരണം തിങ്കളാഴ്ചയാണ് പ്രതിവാര യോഗം നടക്കുന്ന ദിവസം. അതിനായി ഓരോരുത്തര്‍ക്കും പ്രത്യേകം ജോലി കാണും.

ആപ്പിളിന്റെ വിജയത്തിന് പിന്നിലെ രഹസ്യങ്ങള്‍ ഇതൊക്കെയാണ്. ആപ്പിളിന്റെ പ്രത്യേകതകള്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അവരിതൊക്കെ രഹസ്യമാക്കി സൂക്ഷിക്കുന്നതെന്നാണ് കമ്പനി മേധാവികള്‍ പറയുന്നത്.

Related posts