ഹരിപ്പാട്: രാഷ്ട്രീയ മൂല്യങ്ങളുടെ അന്തകനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഹരിപ്പാട് കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസും മുതുകുളം, ചിങ്ങോലി പഞ്ചായത്ത് കൺവൻഷനുകളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ ഭ്രാന്തുപിടിച്ച് കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് മുഖ്യമന്ത്രി. അഴിമതിയും ധാർഷ്ട്യവും അഹങ്കാരവും കൊണ്ട് പിണറായി വിജയൻ വികസിക്കുകയാണ്. കേരളം കുടുംബസ്വത്താണോയെന്ന് പോലും സംശയിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് മുഖ്യമന്ത്രി നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും ധൂർത്തും അനാവശ്യ ചെലവും കൊണ്ട് സംസ്ഥാനം പൊറുതിമുട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുവജനങ്ങളെ വഞ്ചിക്കുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രത്യേക നിയമനിർമാണം നടത്തുമെന്ന് പ്രേമചന്ദ്രൻ പ്രഖ്യാപിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമായാണ് പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും വർഗീയത ഇളക്കിവിട്ട് സാമുദായിക സ്പർധ വളർത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിപ്പാട് നടന്ന ചടങ്ങിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മുതുകുളം കൺവൻഷനിൽ പുഷ്പൻ കണ്ണമ്പള്ളി അധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. ശ്രീശാന്ത് സ്വാഗതം പറഞ്ഞു. ചിങ്ങോലിയിൽ അബ്ദുൽ സത്താർ പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ജോൺ തോമസ്, എ.കെ. രാജൻ, എം.കെ. വിജയൻ, കെ.കെ. സുരേന്ദ്രനാഥ്, ഷംസുദ്ദീൻ കായിപ്പുറം, ബി. രാജശേഖരൻ, മുഞ്ഞനാട്ട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, എം.ബി. സജി, വി. ഷുക്കൂർ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
