തിരുവല്ല: കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കു തുടക്കമിട്ടു.തെരഞ്ഞെടുപ്പ് പ്രകടന പത്രിക അധികാരത്തിലെത്തിയാല്‍ ചവറ്റുകൊട്ടയിലിടുന്ന സമീപനം ഇന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രിക പൂര്‍ണമായും നടപ്പാക്കാനായി.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായ വളര്‍ച്ചയാണ് ഇന്നു രാവിലെ തിരുവല്ലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രധാനമായും എടുത്തുകാട്ടിയത്. ക്ഷേമ പെന്‍ഷനുകള്‍ നല്കിയതും ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ സര്‍ക്കാര്‍ മുന്കൈയെടുത്തതുമടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി.
കേരളത്തിലെ ജനങ്ങളുടെ ചികിത്സാ ചെലവില്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ 60 ശതമാനത്തിനന്റെ കുറവുണ്ടായി. പത്ത് കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ ഇതിനോടകം നടപ്പാക്കി. ജില്ലാ ആശുപത്രികളില്‍ കാത്ത്ലാബുകള്‍ നിലവില്‍ വന്നു.പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. ജനം ഒറ്റക്കെട്ടായി എല്‍ഡിഎഫിനൊപ്പമുണ്ട്.
അസ്വരസ്യങ്ങള്‍ പ്രചരിപ്പിച്ചും വര്‍ഗീയതയെ കൂട്ടുപിടിച്ചും ഇതിനെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വികസനവും ക്ഷേമവും മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫിനെ പിണറായി വിജയന് വെല്ലുവിളിച്ചു.
രാവിലെ തിരുവല്ലയിലെത്തിയ പിണറായി വിജയന് മാധ്യമ പ്രവര്‍ത്തകരെ കണ്ടശേഷം തിരുവല്ലയിലെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആറന്മുളയിലെ പരിപാടി കോഴഞ്ചേരിയിലും 4.30ന് കോന്നി, 5.30ന് റാന്നി എന്നിവിടങ്ങളിലും പ്രചാരണ യോഗങ്ങളിലും പങ്കെടുക്കും.
