ഓസ്‌ട്രേലിയയെ വിറപ്പിച്ച് മൂഷികര്‍ ! വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം നിറഞ്ഞ് ലക്ഷക്കണക്കിന് എലികള്‍; ഹാമെലിനിലെ കുഴലൂത്തുകാരനെ പ്രതീക്ഷിച്ച് ജനങ്ങള്‍…

ഹാമെലിനിലെ കുഴലൂത്തുകാരന്റെ കഥ കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഹാമെലിന്‍ നഗരത്തിലെമ്പാടും എലികള്‍ പെരുകിയപ്പോള്‍ മാന്ത്രിക ബ്യൂഗിളുമായി വന്ന് എലികളെ കടലിലേക്ക് ആകര്‍ഷിച്ച ആ കുഴലൂത്തുകാരനെ പ്രതീക്ഷിക്കുകയാണ് ഇപ്പോള്‍ ഓസ്ട്രലിയന്‍ ഗ്രാമങ്ങള്‍.

അത്രമാത്രമാണ് ന്യു സൗത്ത് വെയില്‍സിലേയും ക്യുന്‍സ്ലാന്‍ഡിലേയുമൊക്കെ ഗ്രാമങ്ങളും ഉള്‍നാടന്‍ പട്ടണങ്ങളും എലികളെ കൊണ്ട് കഷ്ടപ്പെടുന്നത്.

കോവിഡ് പ്രതിസന്ധിയെ അവഗണിച്ചും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൊയ്ത്ത്കാലം കഴിഞ്ഞയുടനെയാണ് എലികള്‍ ക്രമാധീതമായി വര്‍ദ്ധിക്കുന്ന മൈസ് പ്ലേഗ് എന്ന പ്രതിഭാസം ആസ്‌ട്രേലിയയില്‍ ദൃശ്യമായിരിക്കുന്നത്.

വീടുകളിലും, കടകളിലും, പാടങ്ങളിലും, ധാന്യ സംഭരണശാലകളിലും മാത്രമല്ല, നാടിന്റെ സകല മുക്കും മൂലയും എലികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വര്‍ഷങ്ങളായി ഇല്ലാതിരുന്ന വേനല്‍ മഴ ഇത്തവണ ധാരാളമായി ലഭിച്ചതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

മൂന്ന് ആശുപത്രികളില്‍ രോഗികളെ എലി കടിച്ചതായി റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ ഭയാശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. ടോട്ടെന്‍ഹാം, വാല്‍ഗെറ്റ്, ഗുലാര്‍ഗംബോണ്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് രോഗികള്‍ക്ക് എലിയുടെ കടിയേറ്റത്.

മൈസ് പ്ലേഗ് എന്നത് പ്രകൃതിയിലെ സ്വാഭാവികമായ ഒരു പ്രതിഭാസമാണെന്നും ഇത് നിയന്ത്രിക്കാനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.

വീടുകളില്‍ എലികളുടെ സാന്നിദ്ധ്യം മൂലമുണ്ടാകുന്ന, വളരെ വിരളമായ ലെപ്‌റ്റോസ്‌പൈറോസിസ് എന്ന രോഗം ഒരാളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൃക്കകളുടെ പ്രവര്‍ത്തന തകരാറിലേക്കും മെനിഞ്ചൈറ്റിസിലേക്കും നയിക്കുന്നതാണ് ഈ രോഗം.

ആസ്‌ട്രേലിയന്‍ സമൂഹമാധ്യമങ്ങളേയും ഈ മൂഷികര്‍ കീഴടക്കിയിരിക്കുകയാണ് ഫാം ഹൗസിലെ ഉപകരണങ്ങളിലും സ്വീകരണ മുറികളിലെ സോഫകള്‍ക്ക് മീതെയുമൊക്കെ കളിച്ചു നടക്കുന്ന എലിക്കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്.

ഒരു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ നാവ് സിങ് പറയുന്നത്, ദിവസേന ചത്ത എലികളെ നീക്കം ചെയ്ത് കട വൃത്തിയാക്കേണ്ടതിനാല്‍ സാധാരണയിലും അഞ്ചുമണിക്കൂര്‍ മുന്‍പ് താന്‍ കടയിലെത്തുന്നുവെന്നാണ്. പ്രതിദിനം 400 മുതല്‍ 500 എലികളെ വരെ കൊല്ലാറുണ്ട് എന്നും അയാള്‍ അവകാശപ്പെടുന്നു.

മൈസ് പ്ലേഗ് എന്ന ഈ പ്രതിഭാസം പ്രദേശവാസികളുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ ജീവനോപാധികളേയും പ്രതികൂലമായി ബാധിക്കുകയാണ്.

വിളകള്‍ നശിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുകയും മറ്റും ചെയ്ത് ഇവര്‍ നഷ്ടത്തിന് ആക്കം കൂട്ടുന്നു. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

ശൈത്യകാലത്ത് വിത്തുവിതയ്ക്കുന്ന കര്‍ഷകര്‍ക്കാണ് ഏറ്റവും അധികം നഷ്ടം സഹിക്കേണ്ടി വരുന്നത്. അവരുടെ വിത്തുകളെല്ലാം ഈ മൂഷികക്കൂട്ടം തിന്നുനശിപ്പിക്കുകയാണ്.

വിത്തുകള്‍ സുരക്ഷിതമായി സംരക്ഷിക്കുവാന്‍ സിങ്ക് ഫോസ്‌ഫൈഡ് ഉപയോഗിക്കുവാനുള്ള അനുമതി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

അതുവഴി, കര്‍ഷകര്‍ക്ക് അവര്‍ തന്നെ ഉദ്പാദിപ്പിച്ച വിത്തുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും വിദേശ വിത്തുകള്‍ ഉയര്‍ത്തുന്ന ജൈവ സുരക്ഷാ വെല്ലുവിളികള്‍ ഒഴിവാക്കാന്‍ ആകുമെന്നും അവര്‍ പറയുന്നു.

മാത്രമല്ല, വിലകൂടിയ സ്റ്റെറിലൈസ്ഡ് വിത്തുകള്‍ വാങ്ങുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാകുകയും ചെയ്യും. എലികളെ നിയന്ത്രിക്കുന്നത് വളരെയധികം സാമ്പത്തിക ചെലവുള്ള കാര്യമായതിനാല്‍ ഇതിലേക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.

Related posts

Leave a Comment