സൂര്യനാരായണൻ
കൊച്ചി: ഫ്ളാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്റ്റിലായ സീരിയൽ നടി അശ്വതി ബാബുവിനെ പിടികൂടിയതോടെ ഉന്നതരുടെ ഉറക്കം കെടുകയാണ്. സിനിമ – സീരിയൽ രംഗത്തുള്ളവർ മാത്രമല്ല, സമൂഹത്തിലെ ഉന്നതരും ഉറക്കമില്ലാതെ അലയും. അത്രമാത്രം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ആദ്യമൊഴിയിൽ ഇവർ പോലീസിനോടു പറഞ്ഞിരിക്കുന്നത്.
ചില ഉന്നത ബന്ധങ്ങളും ഇവർ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തു വിടാൻ പോലീസ് തയാറായിട്ടില്ല. പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും ഇവർക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതൽ തലവേദന ഒഴിവാക്കാനാണ് പോലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്.
സീരിയൽ രംഗത്തു സജീവമായപ്പോഴാണ് ലഹരി മരുന്നിനു അടിമയായി മാറിയത്. ലഹരി മരുന്നിനു പണം കണ്ടെത്തിയിരുന്നത് അനാശാസ്യത്തിലൂടെയാണെന്നും പോലീസ് പറയുന്നു. മയക്കുമരുന്നിന് അടിമയായ ഇവർക്ക് പല ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
അശ്വതിയുടെ ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല. ബംഗളൂരു കേന്ദ്രീകരിച്ചാണ് നടി ഇടപാടുകൾ നടത്തിയിരുന്നത്. ഈ ബന്ധം അന്വേഷിക്കാൻ പ്രത്യേക ഷാഡോ ടീം രൂപീകരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിന്റെ പാർക്കിംഗ് സ്ഥലത്തു നിന്ന് ഇവരെ പിടികൂടുന്പോൾ കൈവശം ലഹരി മരുന്നുകളുണ്ടയായിരുന്നു.
ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ മരുന്ന് കണ്ടെത്താനായില്ല. അശ്വതി ലഹരിക്ക് അടിമയാണെന്നും പോലീസ് വ്യക്തമാക്കി.ഫ്ലാറ്റിൽ ലഹരിമരുന്നു പാർട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് അശ്വതി നിരീക്ഷണത്തിലായിരുന്നു.
ഡ്രൈവറായ ബിനോ ഏബ്രഹാമിനെ ഉപയോഗിച്ചാണു ലക്ഷക്കണക്കിനു രൂപയുടെ എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) അശ്വതി വാങ്ങിയിരുന്നത്. ബാംഗളൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പായ്ക്കറ്റിൽ എന്താണെന്ന് പോലും ബിനോയ്ക്ക് അറിവില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഫ്ളാറ്റിൽ ലഹരിമരുന്നു പാർട്ടി നടത്തുന്നതായി വിവരം കിട്ടിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അശ്വതിയെ പിടികൂടുന്പോൾ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്ളാറ്റിൽ ഉണ്ടായിരുന്നു. ഗുജറാത്തി യുവതി എന്തിനു വന്നു എന്നു പോലീസ് പരിശോധിക്കുകയാണ്.
അന്വേഷണം ബംഗളൂരിലേക്ക്
മയക്കുമരുന്നുമായി സിനിമാ-സീരിയൽ നടിയും സഹായിയും പിടിയിലായ കേസിൽ അന്വേഷണം ബംഗളൂരുവിലേക്കു വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. ബംഗളൂരുവിൽനിന്നാണു മയക്കുമരുന്നെത്തിച്ചതെന്ന പ്രാഥമിക വിലയിരുത്തലിനെത്തുടർന്നാണ് അന്വേഷണം അങ്ങോട്ടും വ്യാപിപിക്കുന്നത്.
മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ചു നടിയിൽനിന്നു കൃത്യമായ വിവരം ലഭിച്ചില്ലെങ്കിലും മറ്റു മാർഗങ്ങളിലൂടെ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അധികൃതർക്കു ലഭിച്ചത്. ബംഗളുരുവിനു പുറമേ മുംബൈ ബന്ധവും പോലീസ് സംശയിക്കുന്നുണ്ട്.
നടിയുടെയും സഹായിയുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽനിന്നാണ് അന്തർ സംസ്ഥാന സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ആഡംബര കാറുകളിലായിരുന്നു ലഹരിമരുന്നുകൾ കൊണ്ടുവന്നിരുന്നതെന്നും സിനിമ, സീരിയൽ രംഗത്തുള്ളവർക്കായി ഡ്രഗ് പാർട്ടികൾ നടത്തുന്നതിലും അശ്വതിക്കു പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഡ്രൈവർ ബിനോയിക്കു അശ്വതിയുടെ ഇടപാടുകൾ സംബന്ധിച്ച പൂർണ വിവരമുണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനൊപ്പം നടിയുടെ മൊബൈൽഫോണ് വിവരങ്ങൾ അടിസ്ഥാനമാക്കിയും അന്വേഷണം നടക്കുന്നുണ്ട്.