എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും സൗജന്യ പാചകവാതക കണക്ഷനുകള്‍! കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് താരമായതോടെ 2019 ലും കേന്ദ്ര ഭരണം പിടിക്കാനുള്ള ജനപ്രിയ പദ്ധതികളുമായി ബിജെപി

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് വന്‍ പരാജയമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് സമ്മാനിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നില്‍പ്പോലും അധികാരം പിടിക്കാന്‍ മോദി-അമിത്ഷാ കൂട്ടുകെട്ടിന് സാധിച്ചില്ല.

കേന്ദ്രത്തിനെതിരെയും ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വങ്ങള്‍ക്കെതിരെയും ഉയര്‍ന്നുവന്ന ഭരണ വിരുദ്ധ വികാരങ്ങളാണ് അഞ്ച് സംസ്ഥാനങ്ങളും നഷ്ടപ്പെടാന്‍ ബിജെപിയ്ക്ക് കാരണമായത്. എന്നാല്‍ ഏതുവിധേനയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം കണ്ടെത്തി കേന്ദ്ര ഭരണം പിടിക്കാനുള്ള തത്രപ്പാടിലാണ് ബിജെപി.

അതിനായുള്ള തന്ത്രങ്ങള്‍ ഓരോന്നായി പയറ്റുകയാണ് ഇക്കൂട്ടര്‍. വാഗ്ദാനം ചെയ്തിരുന്നതുപോലെ തന്നെ അധികാരത്തിലേറിയപ്പോള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് വീണ്ടും താരമായതോടെ പതിനെട്ടടവുകളും പയറ്റാനുള്ള തയാറെടുപ്പുകളാണ് ബിജെപി കോട്ടകളില്‍ അരങ്ങു തകര്‍ക്കുന്നത്.

ഇന്ത്യയിലെ എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി തുടങ്ങിയ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്തിയാണ് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചകവാതകം എത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

2016ല്‍ പ്രഖ്യാപിച്ച പദ്ധതി വിപുലപ്പെടുത്താനുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അനുമതി നല്‍കിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഈ നടപടി രാജ്യത്തെ എല്ലാ വീടുകളിലും പാചകവാതകം എത്തിക്കാന്‍ ഉതകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ സ്‌കീമിനു കീഴില്‍ ഓരോ സൗജന്യ പാചകവാതക കണക്ഷനും പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് 1,600 രൂപവച്ച് കേന്ദ്രം സബ്സിഡിയും നല്‍കും. സിലിണ്ടറിന്റെ സെക്യൂരിറ്റി ചാര്‍ജും ഇവ ഘടിപ്പിക്കുന്നതിന്റെ ഫിറ്റിങ് ചാര്‍ജുമാണ് ഇങ്ങനെ സബ്സിഡി നല്‍കുന്നത്.

പദ്ധതി പ്രകാരം പാചകവാതകം വാങ്ങിക്കുന്നവര്‍ സ്വന്തമായി സ്റ്റൗ വാങ്ങിക്കണം. ഈ അധികഭാരം ലഘൂകരിക്കാന്‍ സ്റ്റൗ വാങ്ങുന്നതിന്റെ ചെലവും ആദ്യ തവണത്തെ സിലിണ്ടര്‍ വാങ്ങുന്നതിന്റെ ചെലവും മാസത്തവണകളായി കൊടുത്താല്‍ മതിയെന്ന നിര്‍ദേശവും വച്ചിട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള സിലിണ്ടര്‍ വാങ്ങലിനെല്ലാം വീട്ടുകാര്‍ തന്നെ പണം ചെലവഴിക്കേണ്ടിവരും.

Related posts