പാലാഴിയില്‍ ഒരുങ്ങുന്നു ബാംബു ഹൗസ്; വൈദ്യുതിക്കു സോളാര്‍ സംവിധാനവും; പ്രത്യേകം തയാറാക്കിയെടുക്കുന്ന മുളകള്‍ 50 മുതല്‍ 60 വര്‍ഷം വരെ നിലനില്‍ക്കും

TCR-BAMBOOപുതുക്കാട്: പാലാഴിയില്‍ മുള മാത്രം ഉപയോഗിച്ചൊരു സ്വപ്നവീട് യാഥാര്‍ത്ഥമാകുന്നു. വീടുനിര്‍മാണത്തിനു കട്ടയും മണലും സിമന്റുമെല്ലാം ഒഴിവാക്കി മുളമാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. കൊറ്റനാട് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പാക്കനാരും സംഘവുമാണ് മുളവീടിന്റെ ശില്പികള്‍. അടിത്തറയും ചുവരും മേല്‍ക്കൂരയും ഫര്‍ണിച്ചറുകളുമെല്ലാം മുള കൊണ്ട് നിര്‍മിച്ചവയാണ്.

1100 ചതുരശ്ര അടിയില്‍ ഇരുനിലകളിലായാണ് വീടുനിര്‍മാണം. ഒരു സ്വീകരണമുറി, ഹാള്‍, പൂജാമുറി, കിടപ്പുമുറി, ശുചിമുറി, അടുക്കള എന്നിവയടങ്ങിയ വീടിന്റെ മുകള്‍നിലയില്‍ വിശാലമായ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. കട്ടിലും സെറ്റിയും മറ്റ് ഇരിപ്പിടങ്ങളുമടക്കം എല്ലാം മുളയില്‍തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.  രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ മുളവീട് പൂര്‍ത്തിയാകും. വൈദ്യുതിക്കു സോളാര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മിശ്രിതങ്ങളില്‍ മുക്കിവച്ച് ദൃഢമാക്കിയെടുക്കുന്ന മുളകള്‍ ദീര്‍ഘകാലം കേടുകൂടാതെ നിലനില്‍ക്കും.

പൂര്‍ണമായും മുളയില്‍ നിര്‍മിച്ച ഇത്തരം വീടുകള്‍ 50 മുതല്‍ 60 വര്‍ഷം വരെ നിലനില്‍ക്കുമെന്നും ഇവര്‍ പറയുന്നു. മുളവീട്ടില്‍ ആണിയും ബോള്‍ട്ടുകളുമുള്‍പ്പെടെ ആകെ നാലുശതമാനമാണ് മറ്റു വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നത്. മുള ഉത്പന്നങ്ങളായ പനമ്പ്, ബാംബൂ പ്ലൈ എന്നിവ സീലിംഗിനും ചുവരിനും മറ്റുമായി ഉപയോഗിക്കുന്നുണ്ട്. അതിരപ്പിള്ളിയില്‍ നിന്നുമാണ് ആവശ്യമായ മുളകള്‍ ശേഖരിക്കുന്നത്. 12 പേരടങ്ങുന്ന സംഘത്തിന് ആറുമാസം കൊണ്ട് ഒരു വീട് പൂര്‍ത്തീകരിക്കാനാകും. പന്തളം സ്വദേശിക്കുവേണ്ടിയാണ് പാലാഴിയില്‍ വീട് നിര്‍മിക്കുന്നത്.

Related posts