ഒരു കേടി രൂപയുടെ നിരോധിത കറന്‍സി വാങ്ങുന്നത് പത്തുലക്ഷം രൂപയ്ക്ക്, മറിച്ചു വില്ക്കുന്നത് 35 ലക്ഷം രൂപയ്ക്ക്, മലപ്പുറത്ത് ഒരുമാസത്തിനിടെ പിടികൂടിയത് 25 കോടി രൂപയുടെ നിരോധിത നോട്ടുകള്‍!!

നിലമ്പൂരില്‍ ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചു പേരെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. തിരുവനന്തപുരം ശ്രീകാര്യം ചവടിക്കോട് സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജന കോവില്‍ മുനീശ്വര്‍ സ്ട്രീറ്റിലെ സോമനാഥന്‍ എന്ന നായര്‍സാര്‍ (71), കൊണ്ടോട്ടി സ്വദേശികളായ കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി ഫിറോസ് ബാബു (34), ചിറയില്‍ ജസീന മന്‍സിലില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം എരിക്കുന്നന്‍ ഷൈജല്‍ (32) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സിഐ കെ.എം.ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇതില്‍ സന്തോഷ്, സോമനാഥന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ക്കു ജാമ്യം നല്‍കി.

കേസുമായി ബന്ധപ്പെട്ടു ഇന്റലിജന്‍സ് വിഭാഗവും സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചും പ്രതികളെ ചോദ്യം ചെയ്തു വിവരങ്ങള്‍ ശേഖരിച്ചു. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ ഇന്‍കംടാക്‌സ് വിഭാഗത്തിനും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിനും ഇന്നു റിപ്പോര്‍ട്ട് കൈമാറുമെന്നു സിഐ കെ.എം. ബിജു അറിയിച്ചു. നിരോധിത നോട്ടുകള്‍ ശേഖരിക്കുന്ന ഇടത്തട്ടുകാരാണ് പിടിയിലായവര്‍. ഒരു കോടി വരുന്ന നിരോധിക്കപ്പെട്ട 1000, 500 രൂപകളുമായാണ് സംഘത്തെ നിലമ്പൂര്‍ വടപുറം പാലപറമ്പില്‍ വച്ച് പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച ഇന്നോവ, സ്വിഫ്റ്റ് കാറുകളും കസ്റ്റഡിയിലെടുത്തു. 1000ത്തിന്റെ 9956 നോട്ടുകളും, 500ന്റെ 88 നോട്ടുകളുമാണ് പിടിച്ചെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു തൃശൂര്‍, പാലക്കാട് എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവരം ലഭിച്ചു. ഒരു കോടി നിരോധിത കറന്‍സിക്ക് 10 ലക്ഷം രൂപ വില നല്‍കിയാണ് ഇവ ചെന്നൈയില്‍ നിന്നു വാങ്ങിയത്. ഇതില്‍ അഞ്ചു ലക്ഷം രൂപ മുന്‍കൂര്‍ നല്‍കിയതായും പ്രതികള്‍ മൊഴി നല്‍കി.

35 ലക്ഷത്തിനാണ് ഒരു കോടി രൂപയുടെ നിരോധിത നോട്ടുകള്‍ വില്‍പന നടത്തുന്നത്. ചെന്നൈയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഇത്തരത്തില്‍ നിരോധിത നോട്ടുകള്‍ കേരളത്തിലേക്കു എത്തുന്നത്. മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ചില ഏജന്റുമാര്‍ നിരോധിത നോട്ടുകളുടെ കൈമാറ്റവും വിതരണവും നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

മലപ്പുറം ജില്ലയില്‍ ഒരുമാസത്തിനിടെ 25 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് പിടികൂടിയത്. ഇതില്‍ 18 കോടിയും പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ കീഴിലുള്ള സ്റ്റേഷന്‍ പരിധി വരുന്ന സ്ഥലങ്ങളില്‍ നിന്നാണ്. നിലമ്പൂരില്‍ ആദ്യമായാണ് നിരോധിത നോട്ടുകള്‍ പിടികൂടുന്നത്. നോട്ട് മാറ്റിയെടുക്കാന്‍ ബാങ്ക് അധികൃതരുമായി ഇടപാട് ഉറപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഏജന്റുുമാര്‍ നോട്ട് കൈവശം വച്ചിട്ടുള്ളവരെ സമീപിക്കുന്നത്.

ജൂണ്‍ മാസത്തിനുശേഷം പിടിച്ചെടുത്ത 18 കേസുകളില്‍ ഒന്നില്‍ പോലും ഇത്തരത്തില്‍ പണം മാറ്റിയെടുത്തതായി അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഏജന്റുമാര്‍ പണം മാറ്റിയെടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പലരെയും നോട്ടുമായി വിളിച്ചുവരുത്തുന്നത്. പിടിക്കപ്പെട്ടാല്‍ തുകയുടെ അഞ്ചിരട്ടി പിഴ നല്‍കേണ്ടിവരും അറിയാതെയാണ് പലരും ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നത്. അതേസമയം പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇപ്പോള്‍ ഒരു സംവിധാനവും രാജ്യത്തില്ലെന്നു ഡിവൈഎസ്പി പറഞ്ഞു.

Related posts