പുളിങ്കുന്ന്: ഓണത്തെ വരവേൽക്കാൻ വെള്ളപ്പൊക്കത്തെയും തോൽപ്പിച്ച് മനീഷിന്റെ ബന്ദിപ്പൂ കൃഷി പൂവിട്ടു. പുളിങ്കുന്ന് കണ്ണാടി അഞ്ചാം വാർഡിൽ കാഞ്ഞിരക്കാട് ഉന്നതിയിൽ മനീഷാണ് ഗ്രോബാഗുകളിൽ ബന്ദിപ്പൂകൃഷി നടത്തി നൂറുമേനി വിജയം നേടിയത്.കുട്ടനാടിനെ അപ്പാടെ മുക്കിക്കളഞ്ഞ വെള്ളപ്പൊക്കത്തിൽ ഒട്ടേറെ കർഷകരുടെ വാഴ-പച്ചക്കറികൃഷികൾ തുടങ്ങിയവ നശിച്ചു. കാറ്റും മഴയും പ്രളയവും അതിജീവിച്ച് നൂറിലധികം ഗ്രോബാഗുകളിൽ ബന്ദിപ്പൂ പൂവിട്ടുനിൽക്കുന്നത് വർണാഭമായ കാഴ്ചയാണ്.
കെട്ടിക്കിടക്കുന്ന മഴവെള്ളത്തെപ്പോലും അതിജീവിക്കാൻ കരുത്തില്ലാത്ത ബന്ദിപ്പൂ ചെടി ഗ്രോബാഗുകളിൽ നടുകയായിരുന്നു മനീഷ്. പുളിങ്കുന്ന് കൃഷിഭവനിൽനിന്നും സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ പദ്ധതി പ്രകാരമാണ് ചെടികൾ ലഭിച്ചത്. നൂറിലധികം ബാഗുകളിൽ ആട്ടിൻകാഷ്ഠവും ചകിരിച്ചോറും മണ്ണും നിറച്ചാണ് ഓരോ ചെടികളും നട്ടത്. തഴച്ചുവളർന്ന ചെടികൾ മൊട്ടിട്ടപ്പോഴാണ് വെള്ളപ്പൊക്കം ഭീഷണിയായത്.
നട്ടുനനച്ചുവളർത്തിയ പൂക്കളെ പ്രളയത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിച്ചു. ഇതിനായി 200 സിമന്റ് കട്ടകൾ വാങ്ങി രണ്ടണ്ണം വീതം അടുക്കിവച്ച് അതിനുമേൽ ഗ്രോബാഗുകൾ വച്ച് വെള്ളപ്പൊക്കത്തെ നേരിട്ടു. ഒരു ചെടിപോലും നഷ്ടമാകാതെ എല്ലാം നിറയെ പൂവിട്ടുവെന്ന് മനീഷ് പറയുന്നു. കൂടാതെ കൃഷി ഓഫീസർ ആൻസിയുടെയും മറ്റും പ്രോത്സാഹനവുമുണ്ടായിരുന്നു. ബന്ദിപ്പൂ കൃഷി കൂടാതെ വെണ്ട, ചീര, പടവലം, കുക്കുന്പർ, വെള്ളരി, പയർ, സ്വർണമുഖി തുടങ്ങിയവയും മനീഷ് കൃഷി ചെയ്യുന്നു. ഇതിൽ പലതും വെള്ളപ്പൊക്കത്തിൽ നശിച്ചു.
ഇന്നലെ നടന്ന വിളവെടുപ്പ് ഉത്സവം വാർഡ് മെംബർ അന്പിളി ടി. ജോസ് ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് മെംബർ ഷൈനി മാർട്ടിൻ അധ്യക്ഷത വഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം സുബീഷ്, കൃഷി ഓഫീസർ ആൻസി, കൃഷി അസിസ്റ്റന്റുമാരായ ജയലക്ഷ്മി, സംഗീത എന്നിവർ പങ്കെടുത്തു.
