കൊച്ചി: എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലേക്ക് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കം. എറണാകുളം-പശ്ചിമകൊച്ചി മേഖലകള്‍ കേന്ദ്രീകരിച്ച് ഒരു നൂറ്റാണ്ടിലേറെ ചരിത്ര പ്രാധാന്യമുള്ള ബോട്ട് സര്‍വീസുകളാണ് നഷ്ടക്കണക്കും സാങ്കേതിക കാരണങ്ങളും നിരത്തി നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്.
നേരത്തെ ഒട്ടേറെ ബോട്ടുകളും സര്‍വീസുകളും ഉണ്ടായിരുന്നിടത്ത് ഘട്ടം ഘട്ടമായി ബോട്ടുകള്‍ പിന്‍വലിച്ച് നാമമാത്രമായ സര്‍വീസുകള്‍ മാത്രമേ ഇപ്പോള്‍ ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ. ദൈനംദിന ഷെഡ്യൂള്‍ 62ല്‍ നിന്ന് നിലവില്‍ 23 ആയി കുറഞ്ഞു. കൊച്ചി വാട്ടര്‍മെട്രോ സര്‍വീസിന് വഴിയൊരുക്കാനാണ് ജലഗതാഗത വകുപ്പ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
വൈപ്പിന്‍, ഫോര്‍ട്ട് കൊച്ചി, വരാപ്പുഴ, വൈക്കം എന്നിവിടങ്ങളിലേക്കാണ് എറണാകുളം ബോട്ടുജെട്ടിയില്‍ നിന്നു നിലവില്‍ സര്‍വീസുള്ളത്. മട്ടാഞ്ചേരിയിലേക്ക് നേരത്തെ സര്‍വീസ് ഉണ്ടായിരുന്നത് 2018 മുതല്‍ നിര്‍ത്തലാക്കി. പ്രളയകാലത്ത് ബോട്ട്ജെട്ടി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് എക്കലും മരക്കൊമ്പുകളും വന്നടിഞ്ഞതാണ് സര്‍വീസ് നിര്‍ത്തലാക്കാനുള്ള കാരണമായി അധികൃതര്‍ അന്നു പറഞ്ഞത്. പിന്നീട് കോടികള്‍ മുടക്കി ജെട്ടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും സര്‍വീസ് പുനരാരംഭിച്ചില്ല.
ഏഴു ബോട്ടുകളാണ് എറണാകുളം ജെട്ടി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നത്-അഞ്ചു കറ്റാമറൈന്‍ ടൈപ്പ് ബോട്ടുകളും രണ്ട് സ്റ്റീല്‍ ബോട്ടുകളും ഒരു റെസ്ക്യൂ ബോട്ടും. കറ്റാമറൈന്‍ ബോട്ടുകളില്‍ രണ്ടെണ്ണം അറ്റകുറ്റപ്പണികള്‍ക്ക് കയറ്റിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ശേഷിക്കുന്ന മൂന്ന് ബോട്ടുകളാണ് വൈപ്പിന്‍, ഫോര്‍ട്ട്കൊച്ചി, വെല്ലിംഗ്ടണ്‍ ഐലന്‍ഡ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നത്. രണ്ട് സ്റ്റീല്‍ ബോട്ടുകളില്‍ ഒന്ന് വരാപ്പുഴയിലേക്കും ഒരെണ്ണം വൈക്കത്തേക്കും സര്‍വീസ് നടത്തുന്നു.
ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍, ഐലന്‍ഡ് മേഖലകളിലേക്കുള്ള ട്രിപ്പുകള്‍ ഘട്ടംഘട്ടമായി കുറച്ച് വാട്ടര്‍ മെട്രോയുടെ എറണാകുളം ജെട്ടിയിലെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം സജ്ജമാകുന്നതോടെ സര്‍വീസ് ആവസാനിപ്പിക്കാനാണ് ജലഗതാഗത വകുപ്പിന്റെ നീക്കം. ഇതോടെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് എറണാകുളത്തേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാര്‍ഗമാണ് ഇല്ലാതാവുന്നത്.
