മങ്കൊമ്പ്: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വിദേശത്തേക്ക് കടന്ന പ്രതി ലുക്ക് ഔട്ട് സർക്കുലർ നൽകിയതിനെത്തുടർന്ന് പിടിയിൽ. കുട്ടനാട് സ്വദേശിയിൽ നിന്നു പണം തട്ടിയ കേസിലെ പ്രതി പാലക്കാട് തൃത്താല അങ്ങാടി മനക്കടവത്ത് വീട്ടിൽ മുഹമ്മദ് സലിമി(31)നെയാണ് ആലപ്പുഴ സൈബർ പോലീസ് ഹൈദരാബാദ് വിമാനത്താവളത്തിൽ പിടികൂടിയത്.
ഓൺലൈൻ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് ആലപ്പുഴ നെടുമുടി സ്വദേശിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. തട്ടിപ്പുകാർ വ്യാജ ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തി പരാതിക്കാരനെ സോഷ്യൽ മീഡിയ വഴിയാണ് ബന്ധപ്പെട്ടത്.വീട്ടിലിരുന്നു ഓൺലൈൻ ജോലി ചെയ്ത് ലാഭമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്തു വ്യാജ വെബ്സൈറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യിച്ച്, റിവ്യു റേറ്റിംഗ് ജോലി എന്ന പേരിലാണ് പണം വാങ്ങിയത്.
പ്രതികളുടെ ഉപയോഗത്തിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറിയത്. എന്നാൽ, പരാതിക്കാരന് ഓൺലൈൻ ജോലി ചെയ്തതിനുള്ള പ്രതിഫലമോ, ജോലിക്കായി കൊടുത്ത പണമോ കിട്ടിയില്ല. ഇതിനുപുറമേ വീണ്ടും സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന പേരിൽ തട്ടിപ്പുകാർ പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ചതി മനസിലായത്.
ഇതെത്തുടർന്ന് ഇയാൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2024 നവംബറിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിൽ പരാതിക്കാരന് നഷ്ടമായ പണം അറസ്റ്റിലായ പ്രതി തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയതായും ചെക്ക് വഴി പിൻവലിച്ചതായും കണ്ടെത്തി.
ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പാലക്കാട്ടെത്തി പ്രതിയുടെ മേൽവിലാസം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി മനസിലായി.തുടർന്ന് പ്രതിക്കെതിരേ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു.
രണ്ടു വർഷത്തോളം വിദേശത്തു കഴിഞ്ഞ പ്രതി കഴിഞ്ഞ 20ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിലെത്തിയപ്പോൾ ലുക്ക് ഔട്ട് സർക്കുലർ പ്രകാരം തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർേദശപ്രകാരം ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി അനന്തലാലിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഹൗസ് ഫീസർ ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചു കർണാടക, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പരാതികൾ നിലവിലുണ്ട്. പ്രതിയെ സഹായിച്ച ഇയാളുടെ സഹോദരിയെയും പ്രതി ചേർത്തിട്ടുണ്ട്. കൂടാതെ ഇതേ കേസിൽ മലപ്പുറം സ്വദേശിയായ മറ്റൊരു പ്രതിയെയും മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു.
