ബാറില്‍ മദ്യപിച്ച് ബഹളംവെച്ചു, സുരക്ഷാജീവനക്കാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു! പരിക്കേറ്റയാള്‍ക്ക് 41 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം

ഇല്ലിനോയ്‌സ് (യോര്‍ക്ക് വില്ലി): യോര്‍ക്ക് വില്ലി പ്ലാനോ ബാറില്‍ മദ്യപിച്ച് ബഹളംവെച്ച മറീന്‍ വെറ്ററന്‍ ലോഗന്‍ ബ്ലാന്റിനെ സുരക്ഷാജീവനക്കാര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നു ശരീരത്തിന് തളര്‍ച്ച ബാധിച്ചതിന് നഷ്ടപരിഹാരമായി 41 മില്യന്‍ ഡോളര്‍ നല്‍കണമെന്നു ജൂറി വിധിച്ചു. കൗണ്ടിയുടെ ചരിത്രത്തില്‍ ഇത്രയും വലിയ നഷ്ടപരിഹാരം നല്‍കുന്ന ആദ്യ കേസാണിത്.

2015-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ലോഗന്‍ ബാറിലെത്തി മദ്യപിക്കുകയും അവിടെയുള്ളവരുമായി തര്‍ക്കിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ ഇയാളെ പുറത്താന്‍ ശ്രമിച്ചു.

ഇതില്‍ ഒരു സുരക്ഷാജീവനക്കാരന്‍ ലോഗനെ കൈയ്യിലെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയില്‍ കഴുത്തിലെ കശേരു തകര്‍ന്ന് അരയ്ക്കു താഴെ തകരുകയും ചെയ്തു.

കഴിഞ്ഞ ആറു വര്‍ഷമായി വീല്‍ ചെയറില്‍ കഴിയുന്ന ലോഗനെ ശുശ്രൂഷിക്കുന്നതിന് ഒരു ഫുള്‍ടൈം കെയര്‍ ടേക്കറെ നിയമിക്കേണ്ടതുണ്ടെന്നും, ഭാവിയില്‍ ജോലി ചെയ്ത് ജീവിക്കാനാവില്ലെന്നും ജൂറി കണ്ടെത്തി.

ബാറില്‍ താന്‍ ബഹളം വച്ചിട്ടില്ലെന്നു ലോഗന്‍ കോടതിയില്‍ വാദിച്ചെങ്കിലും തര്‍ക്കം ഉണ്ടായതായി സമ്മതിച്ചു. തന്റെ കക്ഷിയെ ഇത്രയും ക്രൂരമായി പുറത്തേക്ക് വലിച്ചെറിയേണ്ട കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു അറ്റോര്‍ണിയും വാദിച്ചു.

ആദ്യം ജൂറി 51 മില്യനാണ് നഷ്ടപരിഹാരം വിധിക്കാന്‍ തീരുമാനിച്ചെങ്കിലും, അവിടെയുണ്ടായ സംഭവങ്ങള്‍ക്ക് ലോഗനും ഉത്തരവാദിയാണെന്നു ജൂറിക്ക് ബോധ്യപ്പെടുകയും നഷ്ടപരിഹാര തുക 41 മില്യനായി കുറയ്ക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts

Leave a Comment