മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ആദ്യപാദ സെമിയില്‍ എഫ്സി ബാഴ്സലോണയെ ഞെട്ടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്. സ്വന്തം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളിന് ബാഴ്സലോണയെ ഞെട്ടിച്ചു. മെട്രൊപൊലിറ്റാനൊ സ്റ്റേഡിയത്തില്‍ ആറാം മിനിറ്റില്‍ എറിക് ഗാര്‍സ്യയുടെ സെല്‍ഫ് ഗോളില്‍ അത്ലറ്റിക്കോ മുന്നിലെത്തി.
14-ാം മിനിറ്റില്‍ ആന്ത്വാന് ഗ്രീസ്മാന് ലീഡ് ഉയര്‍ത്തി. അഡെമോല ലുക്ക്മാന്റെ (33) വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ ജൂലിയന്‍ ആല്‍വരെസ് (45+2) ബാഴ്സലോണയുടെ വല നാലാം തവണയും കുലുക്കി.
അതോടെ ആദ്യ പകുതിയില്‍ത്തന്നെ അത്ലറ്റിക്കോയ്ക്ക് 4-0ന്റെ ലീഡ്. 85-ാം മിനിറ്റില്‍ കടുത്ത ഫൗള്‍ ചെയ്തതിനു എറിക് ഗാര്‍സ്യ ചുവുപ്പു കാര്‍ഡ് കണ്ടതോടെ ബാഴ്സയുടെ പതനം പൂര്‍ണം. തുടര്‍ന്നുള്ള മിനിറ്റുകളില്‍ 10 പേരുമായാണ് ബാഴ്സ മത്സരം പൂര്‍ത്തിയാക്കിയത്.
മറ്റൊരു ആദ്യപാദ സെമിയില്‍ റയല്‍ സോസിഡാഡ് 1-0ന് അത്ലറ്റിക് ബില്‍ബാവൊയെ തോല്‍പ്പിച്ചു. ബെനാറ്റ് ടുറിയന്റ്സിന്റെ (62) വകയായിരുന്നു സോസിഡാഡിന്റെ ഗോള്‍. ബാഴ്സലോണ x അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാംപാദ സെമി മാര്‍ച്ച് നാലിനും സോസിഡാഡ് x ബില്‍ബാവൊ പോരാട്ടം മാര്‍ച്ച് അഞ്ചിനും നടക്കും. കോപ്പ ഡെല്‍ റേയില്‍ എഫ്സി ബാഴ്സലോണയാണ് നിലവിലെ ചാമ്പ്യന്മാര്.
